Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാൻ താജ്മഹലിനെ ആയുധമാക്കുന്നു: തോമസ് ഐസക്

TM Thomas Isaac

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുന്നതിനു താജ്മഹലിനെ ആയുധമാക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചതായി മന്ത്രി ടി.എം. തോമസ് ഐസക്. ബാബറി മസ്ജിദിനെ തകർത്തുകൊണ്ട് ആരംഭിച്ച നവഹിന്ദുത്വത്തിന്റെ പടയോട്ടം അടുത്ത ഘട്ടത്തിനു കോപ്പുകൂട്ടുകയാണെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള കവികളെയും സാഹിത്യകാരന്മാരെയും സഞ്ചാരപ്രേമികളെയും സൗന്ദര്യാരാധകരെയും നൂറ്റാണ്ടുകളായി വിസ്മയിപ്പിക്കുന്ന താജ്മഹലിനെതന്നെ അജണ്ട നടപ്പാക്കാൻ സംഘപരിവാർ തിരഞ്ഞെടുത്തിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആദ്യം അതിനെയൊരു തര്‍ക്കമന്ദിരമാക്കി ചിത്രീകരിക്കുകയാണു സംഘപരിവാര്‍ ചെയ്തത്. സമാനമായൊരു അവകാശവാദം താജ്മഹലിനുമേലും ഉയര്‍ത്താനാണു ശ്രമിക്കുന്നത്. ഈ വാദങ്ങളൊന്നും ഇന്നുംഇന്നലെയും ആരംഭിച്ചതല്ലെന്നും ആർഎസ്എസിന്റെ പൊതുരീതിയാണിതെന്നും തോമസ് ഐസക് പറയുന്നു.

തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂർണരൂപം:

താജ്മഹൽ ആയുധമാക്കി അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് രാജ്യത്തെ വർഗീയമായി വിഭജിക്കാൻ സംഘപരിവാർ തീരുമാനിച്ചു കഴിഞ്ഞുവെന്നു വേണം മനസിലാക്കേണ്ടത്. ബാബറി മസ്ജിദ് തകർത്തത് ഒരു ദീർഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൗന്ദര്യാരാധകരും ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ മോഹിക്കുന്ന താജ്മഹലിനെച്ചൊല്ലി യോഗി ആദിത്യനാഥിനെയും വിനയ് കട്യാറിനെയും പോലുള്ള രണ്ടാംനിര ബിജെപി നേതാക്കളുടെ ആക്രോശങ്ങളും കേന്ദ്രസർക്കാരിന്റെ മൗനവും നൽകുന്ന സൂചന അതാണ്.

‌യുനെസ്കോയുടെ പൈതൃക പദവി നേടിയ 35 സ്ഥലങ്ങളുണ്ട്, ഇന്ത്യയിൽ. അവയിൽ ഒന്നാമതാണ് താജ്മഹൽ. ഇന്ത്യയുടെ ഏറ്റവും ഉജ്ജ്വലമായ വിനോദസഞ്ചാര വിസ്മയം. 80 ലക്ഷം പേരാണ് പ്രതിവർഷം താജ്മഹൽ സന്ദർശിക്കുന്നത്. 2020ൽ ഇത് ഒരു കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2016 ജൂലൈയിൽ കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയും താജ്മഹലിൽനിന്നു ലഭിക്കുന്ന വരുമാനം എത്ര പ്രധാനപ്പെട്ടതാണെന്നു തെളിയിക്കുന്നു. മൂന്നുവർഷത്തിനുള്ളിൽ അറ്റകുറ്റപ്പണികൾക്കും മറ്റുമായി 11 കോടി ചെലവിട്ടപ്പോൾ താജ്മഹലിൽ നിന്ന് ടിക്കറ്റ് കളക്‌ഷനിൽ നിന്നും മറ്റുമായി 75 കോടി രൂപ വരവുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ ആർഎസ്എസിന്റെ കണ്ണിലെ കരടാണ് ഈ പൈതൃകസൗധങ്ങൾ.

ബാബറി മസ്ജിദ് തകർക്കാൻ ആദ്യം അതിനെയൊരു തർക്കമന്ദിരമാക്കി ചിത്രീകരിക്കുകയാണ് സംഘപരിവാർ ചെയ്തത്. സമാനമായൊരു അവകാശവാദം താജ്മഹലിനുമേലും ഉയർത്താൻ സംഘപരിവാർ ശ്രമിക്കുന്നുണ്ട്. തോജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു താജ്മഹലെന്നും അതിനുള്ളിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് 2015 മാർച്ച് മാസത്തിൽ ആറ് അഭിഭാഷകർ ആഗ്ര ജില്ലാ കോടതിയെ സമീപിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജാ പരമാർദി ദേവ് ആണ് തേജോ മഹാലയ എന്ന ക്ഷേത്രസമുച്ചയം നിർമ്മിച്ചതെന്നനും പിന്നീട് ജയ്പൂർ രാജാവായിരുന്ന രാജാ മാൻസിങ്ങും പതിനേഴാം നൂറ്റാണ്ടിൽ രാജാ ജെയ്സിങ്ങുമാണ് ഈ ക്ഷേത്രം കൈകാര്യം ചെയ്തതെന്നും പിന്നിടാണ് ഷാജഹാൻ ചക്രവർത്തി കൈയടക്കിയതെന്നുമൊക്കെയായിരുന്നു ആരോപണങ്ങൾ.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസയച്ചു. താജ്മഹലെന്ന മനുഷ്യനിർമിത വിസ്മയം ഒരിക്കലും ഒരു ക്ഷേത്രമായിരുന്നില്ലെന്നും യഥാർഥത്തിൽ അതൊരു മുസ്‌ലിം ശവകുടീരമാണെന്നും ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഔദ്യോഗികമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയിൽ സത്യവാങ്മൂലം നൽകി. പക്ഷേ, സംഘപരിവാറിന്റെ ചരിത്രമറിയുന്നവർക്ക് ഈ കേസ് ജില്ലാ കോടതിയിൽ തീരില്ലെന്ന കാര്യം ഉറപ്പാണ്.

ബിഹാറിലെ ധർഭംഗയിൽ ഇക്കഴിഞ്ഞ ജൂണിൽ നടത്തിയ ഒരു പ്രസംഗത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഘപരിവാറിന്റെ ഈർഷ്യ തുറന്നു പ്രകടിപ്പിച്ചിരുന്നു. താജ്മഹൽ പോലെ വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയുടെ സ്മാരകസ്തംഭങ്ങൾ യഥാർത്ഥ ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതുകൊണ്ടാണ് ഉത്തർ പ്രദേശ് സർക്കാരിന്റെ ടൂറിസം മാപ്പിൽനിന്ന് താജ്മഹൽ അപ്രത്യക്ഷമായത്. മുൻനിശ്ചയപ്രകാരമെന്നവണ്ണം വിനയ് കത്യാറും സംഗീത് സോമും നടത്തിയ വിദ്വേഷ പ്രസ്താവനകൾ യഥാർത്ഥ അജണ്ടയുടെ പ്രകാശനമാണ്.

ഈ വാദങ്ങളൊന്നും ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. പുരുഷോത്തം നാഗേഷ് ഓക്ക് എന്ന സ്വയം പ്രഖ്യാപിത ചരിത്രകാരൻ 1964ൽ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീറൈറ്റിങ് ഹിസ്റ്ററി എന്ന സ്ഥാപനവും ഇന്ത്യൻ ചരിത്രഗവേഷണത്തിലെ ചില അസംബന്ധങ്ങൾ (Some Blunders of Indian Historical Research) എന്ന അദ്ദേഹത്തിന്റെ പുസ്തകവുമൊക്കെ ഇന്ത്യാചരിത്രത്തിലെ ആർഎസ്എസ് അജണ്ടകൾ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. വിഷ്ണു സ്തംഭമെന്ന വാനനിരീക്ഷണ കേന്ദ്രമാണ് കുത്തബ് മിനാറെന്നും ഫത്തേപ്പുർ സിക്രിയും മറ്റുമൊക്കെ അതാതു കാലത്തെ ഹിന്ദു രാജാക്കന്മാരുടെ കൊട്ടാരങ്ങളായിരുന്നുവെന്നുമൊക്കെയാണ് നാഗേഷ് ഓക്കിന്റെ വാദങ്ങൾ.

അദ്ദേഹം അവിടെ നിർത്തുന്നില്ല. മക്കയിലെ കഅബയിൽ വിക്രമാദിത്യ രാജാവിന്റെ ശാസനങ്ങൾ ഉണ്ടെന്നും അറേബ്യൻ ഉപഭൂഖണ്ഡം ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുവെന്ന് ഇത് അസന്ദിഗ്ദമായി തെളിയിക്കുന്നുവെന്നുമൊക്കെയുള്ള വാദങ്ങൾ ഈ ലിങ്കിൽ വായിക്കാം. (http://www.hinduism.co.za/kaabaa.htm). ബാബറി മസ്ജിദിനെ തകർത്തുകൊണ്ട് ആരംഭിച്ച നവഹിന്ദുത്വത്തിന്റെ പടയോട്ടം അടുത്ത ഘട്ടത്തിനു കോപ്പുകൂട്ടുകയാണ്. ലോകമെമ്പാടുമുള്ള കവികളെയും സാഹിത്യകാരന്മാരെയും സഞ്ചാരപ്രേമികളെയും സൗന്ദര്യാരാധകരെയും നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താജ്മഹൽ തന്നെ ആ അജണ്ടയ്ക്ക് ഇരയാകുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം.

related stories