Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെ ഇംപീച്ച് ചെയ്യണം: വൻ പ്രചാരണവുമായി യുഎസ് കോടീശ്വരൻ

Tom Steyer, Donald Trump

ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച്‌ ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കന്‍ കോടീശ്വരന്‍. യുഎസ് വ്യവസായി ടോം സ്റ്റെയറാണു ടിവി, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ട്രംപ് വിരുദ്ധ പ്രചാരണം നടത്തുന്നത്. പ്രസിഡന്റിന്റെ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗങ്ങൾക്കു ജനങ്ങൾ കത്തെഴുതണമെന്നും ടോം ആവശ്യപ്പെട്ടു.

പ്രചാരണത്തിന്റെ ഭാഗമായി ഒരു മിനിറ്റുള്ള വിഡിയോയും കലിഫോർ‌ണിയയിൽനിന്നുള്ള ടോം തയാറാക്കിയിട്ടുണ്ട്. ട്രംപിനെ പുറത്താക്കാനുള്ള കാരണങ്ങളാണു വിഡിയോയിൽ പറയുന്നത്. യുഎസിനെ ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചു, എഫ്ബിഐയുടെ പ്രവര്‍ത്തനങ്ങളെ തടയുന്നു, വിദേശരാജ്യങ്ങളില്‍നിന്നു പണം വാങ്ങുന്നു, സത്യം തുറന്നുപറയുന്ന മാധ്യമങ്ങളെ അടച്ചുപൂട്ടുന്നു തുടങ്ങിയ ആരോപണങ്ങളാണു ട്രംപിനെതിരെ ടോം സ്റ്റെയര്‍ ഉയര്‍ത്തുന്നത്.

യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ഭരണകൂടത്തിനും ട്രംപ് മാനസിക അസ്വസ്ഥതയുള്ള വ്യക്തിയാണെന്നും കയ്യിൽ ആണവായുധങ്ങളുണ്ടെന്നും അറിയാം. എന്നാൽ അവരാരും ഒന്നും ചെയ്യുന്നില്ലെന്നും ഡെമോക്രറ്റിക് പാര്‍ട്ടി അംഗം ടോം സ്റ്റെയര്‍ പറയുന്നു. വിഡിയോ കാണുന്ന ജനം ട്രംപിനെ പുറത്താക്കാൻ ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ട്രംപ് വിരുദ്ധ പ്രചാരണങ്ങൾക്കായി 10 ദശലക്ഷം ഡോളറാണ് ഇദ്ദേഹം മാറ്റിവച്ചിട്ടുള്ളത്.

ഹെഡ്ജ് ഫണ്ട് മാനേജരായിരുന്ന ടോം, ആളുകളിൽനിന്ന് ഒപ്പുശേഖരിക്കാനായി www.needtoimpeach.com എന്നൊരു വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. അറുപതുകാരനായ ടോം സ്റ്റൈയര്‍ 2012ൽ ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പിനു വന്‍തോതില്‍ സംഭാവന നല്‍കിയിരുന്നു.