Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷയ്ക്കായി ഏജൻസി: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

dileep-ep

കൊച്ചി∙ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന സംഭവത്തിൽ നടൻ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പൊലീസ്. സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് നോട്ടിസ് നൽകിയിരുന്നു. ദിലീപിന്റെ വിശദീകരണത്തിൽ തൃപ്തി അറിയിച്ച പൊലീസ്, സുരക്ഷാ ഏജൻസിക്കു ലൈസൻസ് ഉണ്ടെങ്കിൽ ആയുധങ്ങൾ ഉപയോഗിക്കാമെന്നും വ്യക്തമാക്കി.

ആയുധങ്ങൾ കൊണ്ടുവരുമ്പോൾ പൊലീസിനെ മുൻകൂട്ടി അറിയിക്കണം. ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ആലുവ റൂറൽ എസ്പി എ.വി.ജോർജ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ‌ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും എന്നാൽ, സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പറഞ്ഞത്. ഏജൻസിയുമായി കൂടിയാലോചനകൾ മാത്രമാണു നടന്നതെന്നും നടൻ വിശദീകരിച്ചു.

ആലുവ പൊലീസ് ഞായറാഴ്ചയാണു ദിലീപിനു നോട്ടിസ് നൽകിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയൽ രേഖകളും നൽകണം. അവർ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കിൽ ലൈസൻസ് ഹാജരാക്കണം. സുരക്ഷാ ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ്, ഗോവ ആസ്ഥാനമായ തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ ഏജൻസിയെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നുവെന്നാണു റിപ്പോർട്ട്.

ഏജൻസിയുടെ തൃശൂരിലെ ഓഫിസിൽ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. കൊട്ടാരക്കരയിലും കൊച്ചിയിലും തണ്ടർ ഫോഴ്സിന്റെ വാഹനങ്ങളും പൊലീസ് പരിശോധിച്ചു. ദിലീപ് സ്വകാര്യ ഏജൻസിയെ സമീപിച്ചതിൽ ജാമ്യ വ്യവസ്ഥയുടെ ലംഘനമില്ലെന്നാണു നിയമമവിദഗ്ധരുടെ അഭിപ്രായം. ഏജൻസിക്കു രാജ്യത്തെവിടെയും ആയുധം ഉപയോഗിക്കുന്നതിനാണു ലൈസൻസ് എങ്കിൽ കേരളത്തിൽ പ്രത്യേക ലൈസൻസ് ആവശ്യമില്ല. എന്നാൽ, ഇത് ഒരു സംസ്ഥാനത്തേതു മാത്രമാണെങ്കിൽ മറ്റിടങ്ങളിൽ പ്രത്യേക ലൈസൻസ് ആവശ്യമുണ്ട്.

related stories