Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥിയുടെ മരണം: സ്കൂളി‍നു മുന്നിൽ സംഘർഷം, കൊല്ലത്ത് 24ന് വിദ്യാഭ്യാസ ബന്ദ്

sfi-kollam ട്രിനിറ്റി സ്കൂളിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച്. ചിത്രം: രാജൻ എം. തോമസ്.

കൊല്ലം∙ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നു ചാടി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു വിവിധ വിദ്യാർഥി - യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. കല്ലേറിലും പൊലീസിന്റെ ലാത്തിച്ചാർജിലും ഗ്രനേഡ്, കണ്ണീർ വാതക പ്രയോഗത്തിലും മാധ്യമ പ്രവർത്തകർക്കുൾപ്പടെ പരുക്കേറ്റു. പൊലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് കെഎസ്‌യു ചൊവ്വാഴ്ച കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

KSU ട്രിനിറ്റി സ്കൂളിലേക്ക് കെഎസ്‌യു നടത്തിയ മാർച്ച്. ചിത്രം: രാജൻ എം. തോമസ്.

കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി(15) ആണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനായുള്ള ഇടവേള കഴിഞ്ഞു ബെൽ അടിച്ചപ്പോഴാണ് ഈ പെൺകുട്ടി സ്കൂളിന്റെ മൂന്നാം നിലയിൽനിന്നു ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഗൗരിയെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീടു തിരുവനന്തപുരത്തേക്കു കൊണ്ടു പോവുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അന്ത്യം.

Yuvamorcha ട്രിനിറ്റി സ്കൂളിലേക്ക് യുവമോർച്ച നടത്തിയ മാർച്ച്. ചിത്രം: രാജൻ എം. തോമസ്.

അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണു ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയതെന്നു ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഗൗരിയുടെ ക്ലാസ് ടീച്ചര്‍ ക്രെസന്റ്, സഹോദരി പഠിക്കുന്ന എട്ടാം ക്ലാസിലെ ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

വിദ്യാർഥിനിയുടെ മരണ വിവരം അറിഞ്ഞതോടെ കെഎസ്‌യു പ്രവർത്തകരാണ് ആദ്യം സ്കൂളിലേക്കു മാർച്ച് നടത്തിയത്. ഇവരെ പൊലീസ് ലാത്തി വീശി ഓടിച്ചു. പിന്നാലെ എസ്എഫ്‌ഐയുടെ പ്രകടനം എത്തി. പൊലീസ് ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർ കല്ലേറു നടത്തിയതോടെ സംഘർഷമായി. കല്ലേറിൽ ഏഴു പൊലീസുകാർക്കു പരുക്കേറ്റു. പൊലീസ് ഇതോടെ ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. പിന്നാലെ യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകരും മാർച്ച് നടത്തി. ഇവ സംഘർഷത്തിന് ഇടയാക്കാതെ അവസാനിപ്പിച്ചു. യുവമോർച്ച പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടു തടഞ്ഞു. പ്രവർത്തകർ അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ച ശേഷം പിരിഞ്ഞു പോയി.

മാധ്യമ പ്രവർത്തകരായ ദീപു രേവതി (മനോരമ ന്യൂസ്), സാബു (എസിവി), ഉമേഷ് (ന്യൂസ് 18), ഷമീർ (റിപ്പോർട്ടർ) എന്നിവർക്കാണു പരുക്കേറ്റത്.

അതേസമയം, കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ട്രിനിറ്റി സ്കൂളിന്റെ കീഴിലുള്ള ബെൻസിഗർ എന്ന ആശുപത്രിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ചികിൽസയ്ക്കു മൂന്നു മണിക്കൂർ കാലതാമസം വരുത്തിയെന്നാണ് ആരോപണം.

ജൂനിയർ കുട്ടികളുമായുള്ള പ്രശ്നത്തിന്റെ പേരിൽ വെള്ളിയാഴ്ച ഗൗരിയെ മാത്രം അധ്യാപകർ സ്റ്റാഫ് റൂമിലേക്കു വിളിച്ചുവരുത്തി ശകാരിച്ചിരുന്നു. ആ മാനസിക വിഷമത്തിലാണ് കുട്ടി സ്കൂളിന്റെ മൂന്നാം നിലയിൽനിന്നു താഴേക്കു ചാടിയത്. തുടർന്ന് രണ്ടുമണിയോടുകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കാര്യമായ ശുശ്രൂഷ നൽകാതെ കുട്ടിയെ അഞ്ചുമണിവരെ ആശുപത്രിയിൽ കിടത്തി. പിന്നീടു കുട്ടിയുടെ ബന്ധുക്കൾ ഇടപെട്ട് മാധ്യമങ്ങളെ അറിയിച്ചു ബഹളമുണ്ടാക്കിയാണ് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു റഫർ ചെയ്യാൻപോലും കൊല്ലത്തെ ആശുപത്രി അധികൃതർ തയാറായത്.