Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിസി പട്ടികയിൽ 145 പുതുമുഖങ്ങൾ; രാജ്മോഹൻ ഉണ്ണിത്താനും അംഗത്വം

MM Hassan, Ramesh Chennithala

ന്യൂഡൽഹി∙ കേൺഗ്രസ് ഹൈക്കമാൻഡിന്റെ അന്ത്യശാസനയ്ക്കു പിന്നാലെ പുതുക്കിയ കെപിസിസി പട്ടികയിൽ ഇടംനേടിയത് 145 പുതുമുഖങ്ങൾ. 45 വയസ്സിൽ താഴെയുള്ള 48 പേരും ദലിത് പ്രതിനിധികളായി 20 പേരുമാണ് പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. ആദ്യം നൽകിയ പട്ടികയിൽനിന്ന് 25 പേരെയാണ് ഒഴിവാക്കിയത്. രാജ്മോഹന്‍ ഉണ്ണിത്താന് കൊല്ലം കുണ്ടറ ബ്ലോക്കില്‍ നിന്ന് അംഗത്വം നൽകി.

വനിതാ, പട്ടികജാതി – വർഗ പ്രാതിനിധ്യം മെച്ചപ്പെടുത്തിയാണു കെപിസിസി പുതിയപട്ടിക സമർപ്പിച്ചത്. വനിതകളുടെ പ്രാതിനിധ്യം 17ൽനിന്ന് 28 ആയി ഉയർന്നു. പത്തുശതമാനമാണ് ദലിത് വിഭാഗങ്ങൾക്കു നൽകിയിരിക്കുന്ന പ്രാതിനിധ്യം. അതേസമയം, മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ പട്ടികയിൽ ഇടംനേടിയിട്ടില്ല.

രാജ്മോഹൻ ഉണ്ണിത്താനെ കോട്ടയം ജില്ലയിൽനിന്ന് ഉൾപ്പെടുത്താനായിരുന്നു ആലോചനയെങ്കിലും സ്വന്തം ബ്ലോക്കായ കൊല്ലത്തെ വടക്കേവിള നിന്നല്ലെങ്കിൽ സ്ഥാനം വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ ഉണ്ണിത്താന് കൊല്ലം ജില്ലയിൽ അംഗത്വം ഇല്ലെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ മറുവാദം. തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ കെപിസിസി അംഗങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതിനാൽ ഡിസിസി ഭാരവാഹികൾ കെപിസിസി അംഗങ്ങളാകണ്ടായെന്ന കടുംപിടുത്തവും ഉപേക്ഷിച്ചേക്കുമെന്നാണു പ്രതീക്ഷ.

അതേസമയം, കെപിസിസി അംഗങ്ങളാകാന്‍ യോഗ്യരായ വനിതകള്‍ ഇല്ലെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു. പട്ടിക പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും അര്‍ഹരായ വനിതകള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകും. വനിതകള്‍ക്ക് സംവരണം നൽകണം എന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാടാണ്. പട്ടികയില്‍ പേരുള്‍പ്പെടുത്താത്തത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്കു പരാതി സമര്‍പ്പിച്ചതായും ബിന്ദു കൃഷ്ണ പറഞ്ഞു.