Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരയുടെ മൗനം ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ല: ഡല്‍ഹി ഹൈക്കോടതി

rape

ന്യൂഡൽ‌ഹി∙ ഇരയുടെ മൗനം ലൈംഗിക ബന്ധത്തിനോ മാനഭംഗത്തിനോ ഉള്ള സമ്മതമായി കണക്കാക്കാനാവില്ലെന്നു ഡൽഹി ഹൈക്കോടതി. ഗർഭിണിയെ പീഡിപ്പിച്ച കേസിൽ 10 വർഷം ജയിൽശിക്ഷ കിട്ടിയ പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഹര്‍ജി തള്ളിയ ഹൈക്കോടതി വിചാരണക്കോടതിയുടെ ശിക്ഷ ശരിവെച്ചു. ഇര മൗനം പാലിച്ചത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കണമെന്ന മാനഭംഗക്കേസിലെ പ്രതിയുടെ വാദം തള്ളിയാണ് ജസ്റ്റിസ് സംഗീത ദിംഗ്ര സെഗാളിന്റെ നിരീക്ഷണം. ഭീഷണിപ്പെടുത്തിയതു കൊണ്ടാകാം ഇര മൗനം പാലിച്ചതെന്നും കോടതി പറഞ്ഞു. സമ്മതമില്ലാതെ നടത്തുന്ന ലൈംഗികബന്ധം മാനഭംഗക്കുറ്റമായി കാണാമെന്നും കോടതി ചൂണ്ടിക്കാട്ടി.

19 വയസ്സുളള ഗര്‍ഭിണിയെ ബലാത്സംഗം ചെയ്തതിന് 28 കാരനായ മുന്ന എന്ന യുവാവിനെ വിചാരണ കോടതി 2015 ല്‍ 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. മുന്നയുടെ പേരില്‍ ചുമത്തിയിരുന്ന തട്ടിക്കൊണ്ടുപോകല്‍ കുറ്റം ഒഴിവാക്കാനുള്ള വിചാരണക്കോടതി തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. കൂട്ടുപ്രതി സുമന്‍ കുമാര്‍ യുവതിയെ വേശ്യാവൃത്തിക്കായി വില്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റവും ശരിവെച്ചു.

2010 ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെത്തിയ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി തുടർച്ചയായി പീഡിപ്പിച്ചെന്നാണു പരാതി. ഹരിയാനയിലെ പാനിപ്പത്തിലേക്കാണു യുവതിയെ മുന്ന ആദ്യം കൊണ്ടുപോയത്. രക്ഷപ്പെടാൻ ശ്രമിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് നോയിഡയിലെ ഫ്ലാറ്റിലേക്കും ഡൽഹി ശാസ്ത്രി പാർക്കിലെ ഫ്ലാറ്റിലേക്കു കൊണ്ടുപോയതായും യുവതി പറയുന്നു. 2011 ഏപ്രിൽ ഒന്നിനാണു പൊലീസിൽ യുവതി പരാതിപ്പെട്ടത്.

related stories