Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനദേശങ്ങളെ ബന്ധിപ്പിക്കാൻ‌ ഭാരത്‌മാല; കൊച്ചി– മുംബൈ അതിവേഗപാത വരും

Flyover Representative Image

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ ഭാരത്‌മാല പദ്ധതി ഉൾപ്പെടെയുള്ള ഹൈവേ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ ഏഴു ലക്ഷം കോടി രൂപ അനുവദിച്ചു. രാജ്യത്തെ പ്രധാനനഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഭാരത്‌മാല. ഈ പദ്ധതിയുടെ ആദ്യഘട്ടമായി 20,000 കിലോമീറ്റർ നീളത്തിൽ ഹൈവേ നിർമിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഇതുൾപ്പെടെ അടുത്ത അഞ്ചുവർഷത്തിനകം ഏഴു ലക്ഷം കോടി ചെലവിൽ 80,000 കിലോമീറ്റർ നീളത്തിൽ ഹൈവേ നിർമിക്കുന്നതിനാണ് കേന്ദ്രം അനുമതി നൽകിയത്. കന്യാകുമാരി–കൊച്ചി–മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയും ഭാരത്‌മാല പദ്ധതിയുടെ ഭാഗമാണ്. ഇതു നിലവിൽ വരുന്നതോടെ കൊച്ചിയിൽനിന്നും മുംബൈയിലേക്ക് റോഡുമാർഗമുള്ള യാത്രയിൽ അഞ്ചു മണിക്കൂറിന്റെ ലാഭമുണ്ടാകും.

മുംബൈ - കൊച്ചി – കന്യാകുമാരി പാതയ്ക്കു പുറമെ ബെംഗളൂരു – മംഗളൂരു, ഹൈദരാബാദ് – പനജി, സാംബർപുർ – റാഞ്ചി തുടങ്ങിയ അതിവേഗ പാതകളും പദ്ധതിയിലൂടെ നിലവിൽ വരും. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. 50,000 കിലോമീറ്ററിലധികം നിർമാണം പൂർത്തിയാക്കിക്കഴിഞ്ഞ എൻഎച്ച്ഡിപി (നാഷണൽ ഹൈവേ ഡെവലപ്മെന്റ് പ്രോജക്ട്) പദ്ധതിക്കുശേഷമുള്ള ഏറ്റവും വലിയ ദേശീയപാത പദ്ധതിയാണ് ഭാരത്‌മാല. 1998ൽ വാജ്പേയി സർക്കാരാണ് എൻഎച്ച്ഡിപി പദ്ധതിക്കു തുടക്കമിട്ടത്.

ചരക്കു ഗതാഗതം വേഗത്തിലാക്കാൻ ഉദ്ദേശിച്ചുള്ള സാമ്പത്തിക ഇടനാഴികളുടെ (ഇക്കണോമിക് കോറിഡോർ) വികസനവും കേന്ദ്ര സർക്കാർ അനുമതി ലഭിച്ച പദ്ധതികളുടെ ഭാഗമാണ്. 21,000 കിലോമീറ്ററോളം നീളത്തിൽ സാമ്പത്തിക ഇടനാഴി നിർമിക്കാന്‍ കേന്ദ്രസർക്കാർ പദ്ധതി തയാറാക്കിയിരുന്നു. ഇതിനു പുറമെ 14,000 കിലോമീറ്റർ നീളത്തിൽ പോഷക റോഡുകളും നിർമിക്കാനായിരുന്നു തീരുമാനം.