Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്യം ലഹരി വിമുക്ത കേരളം; സിപിഎമ്മിന്റെ ഡീ അഡിക്ഷൻ സെന്റർ നവംബറിൽ

bar-open-liquor

കണ്ണൂർ∙ മദ്യത്തിനും മറ്റു ലഹരിമരുന്നുകൾക്കും അടിമയായവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ സിപിഎം നിയന്ത്രണത്തിൽ ഡിഅഡിക്‌ഷൻ സെന്റർ തുടങ്ങുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇനീഷ്യേറ്റീവ് ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ (ഐആർപിസി) എന്ന സാന്ത്വന പരിചരണ സംഘടനയാണു നഗരത്തിൽ മദ്യപർക്കു പുനരധിവാസ സൗകര്യമൊരുക്കുന്നത്. മേലെചൊവ്വയ്ക്കു സമീപം വാടകക്കെട്ടിടം ഒരുങ്ങിക്കഴിഞ്ഞു. അടുത്ത മാസം ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യമനുസരിച്ചു തീയതി നിശ്ചയിക്കുമെന്ന് ഐആർപിസി ഭാരവാഹികൾ പറഞ്ഞു.

ഒരേ സമയം പതിനഞ്ചു പേരെയെങ്കിലും കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. ഒരു ഡോക്ടർ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്), ഒരു മനശാസ്ത്ര കൗൺസിലർ (സൈക്യാട്രിക് സോഷ്യൽ വർക്കർ), രണ്ടു വീതം വനിതാ നഴ്സുമാരും പുരുഷ നഴ്സുമാരും, ഡ്രൈവർ കം അറ്റൻഡർ, കാവൽക്കാരൻ എന്നിവരാണു ലഹരിമുക്ത കൗൺസിലിങ് കേന്ദ്രത്തിലുണ്ടാവുക.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ മുൻകൈയെടുത്ത് 2012 നവംബർ മൂന്നിനാണു കണ്ണൂ‍ർ ആസ്ഥാനമായി ഐആർപിസി ആരംഭിച്ചത്. സാന്ത്വനപരിചരണ മേഖലയിലാണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. കിടപ്പുരോഗികളെ വീടുകളിൽ സന്ദർശിച്ചു ചികിത്സയും മറ്റു സഹായങ്ങളും നൽകാൻ ഒട്ടേറെ പ്രവർ‌ത്തകർ സജീവമായി രംഗത്തുണ്ട്. ആരോരുമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവരെയും തെരുവിൽ അലയുന്നവരെയും പുനരധിവസിപ്പിക്കാനും പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിലാണ് ഐആർപിസിയുടെ പ്രവർത്തനം. ലഹരിമുക്ത കൗൺസിലിങ് കേന്ദ്രത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതും ചികിത്സയും മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിലായിരിക്കും. 

ഡീഅഡിക്ഷൻ സെന്റർ തുടങ്ങാൻ ഐആർപിസി ആരംഭകാലത്തേ ആലോചിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം മൂലം മദ്യത്തിന്റെ ലഭ്യത കൂടിയെന്നും മദ്യപാനികൾ പെരുകിയെന്നും മദ്യവിരുദ്ധരുടെ ആരോപണം നിലനിൽക്കുന്നതിനിടയിലാണു സിപിഎം നിയന്ത്രണത്തിൽ ലഹരി മുക്ത ചികിത്സാ കേന്ദ്രം യാഥാർഥ്യമാവുന്നത്.