Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീൻദയാൽ ഉപാധ്യായ ജന്മശതാബ്ദി ആഘോഷിക്കണം: സ്കൂളുകൾക്ക് സർക്കുലർ

deendayal-upadhyaya-4

തിരുവനന്തപുരം∙ ജനസംഘം സ്ഥാപക നേതാവും ആർഎസ്എസ് താത്വികാചാര്യനുമായിരുന്ന ദീൻ ദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാൻ സ്കൂളുകൾക്ക് സർക്കുലർ. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലറും നിർദേശവും നൽകിയത്. ദീൻ ദയാലിന്റെ ജീവിതം ആസ്പദമാക്കി രചനാമൽസരങ്ങൾ നടത്തണമെന്നും സർക്കുലറിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ഇതിനെതിരെ കെഎസ്‌യു പ്രവർത്തകർ കോഴിക്കോട് ഡിഡിഇ ഓഫിസിലേക്ക് മാർച്ച് നടത്തി.

സെപ്റ്റംബറിലായിരുന്നു ദീൻ ദയാൽ ഉപാധ്യായയുടെ ജൻമദിനം. ഇതിനു പിന്നാലെയാണ് ജന്മശതാബ്ദി ആഘോഷിക്കണമെന്ന നിർദ്ദേശം കേന്ദ്രം നൽകിയത്. ദീൻ ദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കുക എന്നത് ബിജെപിയുടെയും ആർഎസ്എസ്സിന്റെയും ഈ വർഷത്തെ മുഖ്യ അജണ്ടകളിലൊന്നാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപാധ്യായയുടെ ജൻമശതാബ്ദി ആഘോഷിക്കുന്നതിന് കേന്ദ്ര സർക്കാർ പല നടപടികളും അടുത്തിടെ സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 25നു കോഴിക്കോട് ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തചിലാണ് ദീൻ ദയാൽ ഉപാധ്യായയുടെ ജൻമശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചത്.

ഇതിനു പിന്നാലെയാണ് ദീൻ ദയാൽ ഉപാധ്യായയുടെ ജീവിതവും പ്രവർത്തനവും വിദ്യാർഥികള്‍ക്കു പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കാൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകൾക്കു നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിപിഐ പ്രത്യേക ഉത്തരവു പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച സർക്കുലർ സംസ്ഥാനത്തെ എല്ലാ പ്രധാനാധ്യാപകർക്കും കൈമാറിയിട്ടുണ്ട്. ദീൻ ദയാൽ ഉപാധ്യായയുടെ ജീവിതവും പ്രവർത്തനവും പരിചയപ്പെടുത്താനുതകും വിധം ഉപന്യാസ രചന, പ്രച്ഛന്ന വേഷം, കവിതാ രചന തുടങ്ങിയ മൽസരങ്ങൾ സംഘടിപ്പിക്കണമെന്നാണ് പ്രധാന നിർദ്ദേശം.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൽനിന്നു ലഭിച്ച പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിപിഐ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയെയും ഇക്കാര്യം അറിയിച്ചിരുന്നു. അതിനുശേഷമാണ് ഇതുമായി ബന്ധപ്പെട്ട് സർക്കുലർ പുറപ്പടുവിച്ചതെന്നാണ് ഡിപിഐ നൽകുന്ന വിശദീകരണം.

ചരിത്രത്തെ വ്യഭിചരിക്കുന്ന നടപടി: എം.എൻ. കാരശേരി

അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം.എൻ. കാരശേരി പ്രതികരിച്ചു. ഇന്ത്യൻ ചരിത്രത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവു മാത്രമായിരുന്ന ആളാണ് ദീൻ ദയാൽ ഉപാധ്യായയെന്ന് കാരശേരി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഉപപ്രധാനമന്ത്രിയോ ഒന്നും ആയിരുന്നിട്ടുള്ള വ്യക്തിയല്ല അദ്ദേഹം. ഉപാധ്യായയുടെ ജൻമശതാബ്ദി ഏതെങ്കിലും സ്കൂളുകളിൽ സ്വമേധയാ ആഘോഷിക്കുന്നതു പോലല്ലിത്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ ഒരു ഉദ്യോഗസ്ഥൻ ഇതുമായി ബന്ധപ്പെട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തെ മലിനപ്പെടുത്തുന്ന നടപടിയാണിത്. രാഷ്ട്രീയക്കാരുടെ കുടിലതന്ത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ദീൻ ദയാൽ ഉപാധ്യായ ഗാന്ധിയുടെ തുടർച്ചയാണെന്നും ഗാന്ധിക്കു തുല്യനാണെന്നും ബിജെപിക്കാർ പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ, ഒരു വർഗീയപാർട്ടിയുടെ സ്ഥാപകനേതാവ് എന്നതിനപ്പുറം അദ്ദേഹത്തിന് ഇന്ത്യൻ ചരിത്രത്തിൽ എന്തെങ്കിലും പ്രത്യേക സ്ഥാനമുണ്ടെന്നോ ഇവിടുത്തെ സാംസ്കാരിക മണ്ഡലത്തിന്റെ ഈടുവയ്പാണ് അദ്ദേഹമെന്നോ എനിക്കു തോന്നുന്നില്ല. നെഹ്റുവിനു പകരം ദീൻ ദയാൽ ഉപാധ്യായയുടെയും ഗാന്ധിജിക്കു പകരം സർദാർ വല്ലഭായ് പട്ടേലിന്റെയും പേരുപറയുന്ന തരത്തിൽ ചരിത്രത്തെ വ്യഭിചരിക്കുന്ന, സമാന്തര ചരിത്രമെഴുതുന്ന, വർഗീയ ചരിത്രമുണ്ടാക്കുന്ന രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മലിനമാക്കുന്ന പണികളിലൊന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ദീൻ ദയാൽ ഉപാധ്യായയോടുള്ള ബഹുമാന സൂചനകമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും അടുത്തിടെ കൈക്കൊണ്ട തീരുമാനങ്ങളിൽ ചിലത്:

∙ 2017 ഒക്ടോബർ – ഗുജറാത്തിലെ കാണ്ട്‌ല തുറമുഖം ഇനി മുതൽ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യയുടെ സ്മരണാർഥം ദീൻദയാൽ പോർട്ട്. രാജ്യത്തെ പ്രമുഖ തുറമുഖങ്ങൾ ഇപ്പോൾ ബന്ധപ്പെട്ട നഗരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. കാണ്ട്‌ലയുടെ പേരു മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്.

∙ 2017 സെപ്റ്റംബർ – രാജസ്ഥാനിൽ 35 സർക്കാർ വായനശാലകളുടെ നിലവിലുള്ള പേരു മാറ്റി. ഇവയ്ക്കെല്ലാം ആർഎസ്എസിന്റെ താത്വികാചാര്യനായിരുന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ പേരു നൽകിപ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവർ എന്നിവരുൾപ്പെടെ 73 പേരുടെ ജീവചരിത്രങ്ങൾ സംസ്ഥാനത്തെ സ്കൂൾ ലൈബ്രറികളിൽ എത്തിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനനി നേരത്തേ പ്രഖ്യാപിച്ചതു വിവാദമായിരുന്നു.

∙ 2017 ഓഗസ്റ്റ് – ഉത്തർപ്രദേശിലെ പ്രശസ്തമായ മുഗൾസരായ് റെയിൽവേ സ്റ്റേഷന് ആർഎസ്എസ് സൈദ്ധാന്തികൻ ദീൻ ദയാൽ ഉപാധ്യായയുടെ പേരു നൽകാനുള്ള ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. യുപി ബിജെപി സർക്കാരിന്റെ ശുപാർശ അംഗീകരിച്ചു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് അഹിറാണ് ഒപ്പുവച്ചത്.

∙ 2017 ഓഗസ്റ്റ് – രാജസ്ഥാനിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സർക്കാർ നിയന്ത്രിത ബോർഡുകളുടെയും സ്ഥാപനങ്ങളുടെയും ലെറ്റർ പാഡുകളിൽ ദീൻദയാൽ ഉപാധ്യായയുടെ ചിത്രം ലോഗോ ആയി ഉപയോഗിക്കാൻ ബിജെപി തീരുമാനം. ബിജെപി ദേശീയ ജോയിന്റ് സെക്രട്ടറിയും സംസ്ഥാനത്തെ പാർട്ടിയുടെ ചുമതലക്കാരനുമായ വി.സതീഷ് ഇതിനു നിർദേശം നൽകി.

∙ 2017 ഓഗസ്റ്റ് – ദീൻ ദയാൽ ഉപാധ്യായയുടെ ജൻമശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലെ ഒൻപത്, പത്ത് ക്ലാസുകളിലെ 10 ലക്ഷം വിദ്യാർഥികൾക്കു വേണ്ടി സംസ്ഥാന ബിജെപി നേതൃത്വം തയാറാക്കിയ 72 പേജുള്ള മഹാപുരുഷൻമാരെക്കുറിച്ചുള്ള കൈപ്പുസ്തകത്തിൽ ഗാന്ധിജിക്കും രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റുവിനും ഇടം നൽകാത്തത് വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. അതേസമയം, സ്വാമി വിവേകാനന്ദൻ, ഡോ. ബി.ആർ. അംബേദ്കർ, മദൻ മോഹൻ മാളവ്യ, വീർ സവർക്കർ, ശ്യാമപ്രസാദ് മുഖർജി, ഗുരു ഗോവിന്ദ് സിങ്, ബിർസ മുണ്ട, കെ.ബി. ഹെഡ്ഗേവാർ, സർദാർ വല്ലഭ് ഭായ് പട്ടേൽ, നാനാജി ദേശ്മുഖ് തുടങ്ങിയവർ മഹാപുരുഷൻമാരുടെ കൂട്ടത്തിൽ ഇടം പിടിക്കുകയും ചെയ്തു.