Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധം പൂർണമായും നടപ്പാക്കണം: ചൈനയോട് ട്രംപ്

Donald Trump

വാഷിങ്ടന്‍∙ ഉത്തര കൊറിയയ്ക്കുമേൽ യുഎൻ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ മുഴുവനായും നടപ്പാക്കണമെന്നു ചൈനയോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത മാസം ചൈന സന്ദർശിക്കുന്ന ട്രംപ്, ഇക്കാര്യം പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ അറിയിക്കുമെന്നു വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നവംബർ മൂന്നു മുതൽ 14 വരെ ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലാണു ട്രംപിന്റെ സന്ദർശനം.

ലോകരാജ്യങ്ങൾക്കിടയിൽ ഉത്തര കൊറിയയെയും ഏകാധിപതി കിം ജോങ് ഉന്നിനെയും ഒറ്റപ്പെടുത്തുകയാണു ട്രംപിന്റെ ലക്ഷ്യം. ഇതിനായി കൊറിയയുടെ ഏറ്റവും അടുത്ത സഹായിയായ ചൈനയുടെ സഹായവും തേടിയിരിക്കുകയാണ് ട്രംപ്. കൽക്കരി ഇറക്കുമതി, തുണിത്തരങ്ങളും കടൽഭക്ഷണങ്ങളും കയറ്റുമതി, എണ്ണ കയറ്റുമതി നിർത്തലാക്കൽ തുടങ്ങിയ യുഎൻ ഉപരോധങ്ങൾ നടപ്പാക്കിയതായി ചൈന വ്യക്തമാക്കി. ഉപരോധങ്ങളിൽ തൊണ്ണൂറു ശതമാനത്തോളം ൈചന നടപ്പാക്കിയിട്ടുണ്ടെന്നാണ് അവകാശവാദം.

എന്നാൽ രാജ്യങ്ങൾ ഐകകണ്ഠ്യേന അംഗീകരിച്ച രണ്ടു നിർദേശങ്ങൾ കൂടി ചൈന നടപ്പാക്കണമെന്നു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ഉഭയകക്ഷി ചർച്ച പ്രകാരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയുടെ തുടർച്ചയായ ആണവായുധ, മിസൈൽ പരീക്ഷണങ്ങള്‍ ചൈനയേയും പ്രശ്നത്തിലാഴ്ത്തിയതിനാൽ അനുകൂല നിലപാടെടുക്കുമെന്നാണ് കരുതുന്നത്.

മിസൈൽ, ആണവ പരീക്ഷണങ്ങൾ തുടരുന്നതിനാൽ ഉത്തര കൊറിയയും യുഎസും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. പരീക്ഷണങ്ങൾ നിർത്തിയില്ലെങ്കിൽ ഉത്തര കൊറിയയെ പൂർണമായും തകർക്കുമെന്നു ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഉത്തര കൊറിയയുടെ മിസൈൽ, ആണവ ഭീഷണികൾ അവസാനിപ്പിച്ചില്ലെങ്കിൽ അതൊരു കറുത്ത അധ്യായം ആയി മാറുമെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.