Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിസ്ബുൽ തലവൻ സയീദ് സലാഹുദ്ദീന്റെ മകനെ എൻഐഎ അറസ്റ്റ് ചെയ്തു

Syed-Salahuddin ഹിസ്ബുൽ മുജാഹിദീൻ തലവൻ സയിദ് സലാഹുദ്ദീൻ. (ചിത്രം: ദൂരദർശൻ ട്വിറ്റർ)

ന്യൂഡൽഹി∙ ഹിസ്ബുൽ മുജാഹിദ്ദീൻ തലവൻ സയീദ് സലാഹുദ്ദീന്റെ മകൻ സയീദ് ഷാഹിദ് യൂസഫിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റു ചെയ്തു. ഭീകരർക്കു സഹായം ചെയ്തതിനു 2011ൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസിൽ യൂസഫിനെ എൻഐഎ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ഹിസ്ബുൽ മുജാഹിദ്ദീൻ അംഗമായ അജാസ് അഹ്മദ് ഭട്ട് എന്ന അജാസ് മഖ്ബൂൽ ഭട്ടിൽനിന്ന് യൂസഫിനു പണം ലഭിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. കേസിലെ ആറു പ്രതികൾക്കെതിരെ രണ്ടു കുറ്റപത്രങ്ങളാണ് എന്‍ഐഎ സമർപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹുറിയത്ത് നേതാവ് സയീദ് അലി ഗീലാനിയുടെ സഹായി ഗുലാം അഹമ്മദ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ പ്രത്യേക എൻഐഎ കോടതിയിൽ വിചാരണ നേരിടുകയാണ്. എന്നാൽ മുഹമ്മദ് മഖ്ബൂൽ പണ്ഡിറ്റും അജാസ് അഹമ്മദും ഒളിവിലാണ്. ഇവർക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

അഗ്രികള്‍ച്ചറിൽ ബിരുദാനന്തര ബിരുദധാരിയാണു യൂസഫ്. 2013 വരെ ജമ്മു കശ്മീരിലെ അഗ്രികൾച്ചറൽ വിഭാഗത്തിൽ എക്സ്റ്റെൻഷൻ അസിസ്റ്റന്റ് ആണ്. കശ്മീരിലെ ഭീകരപ്രവർത്തനത്തിനായി വിദേശഫണ്ട് ലഭ്യമാക്കിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.