Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രവിഹിതം ആരുടെയും ഔദാര്യമല്ല, അവകാശമാണ്: മോദിയോട് തോമസ് ഐസക്ക്

TM Thomas Issac

തിരുവനന്തപുരം∙ വികസന വിരോധികൾക്കു ഫണ്ട് നൽകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഡോദര പ്രസംഗത്തിനു മറുപടിയുമായി മന്ത്രി തോമസ് ഐസക്. നിങ്ങളുടെ വികസന മാതൃകയ്ക്ക് ഞങ്ങൾ എതിരാണ്. എന്നുവെച്ച് ഞങ്ങൾക്കുള്ള കേന്ദ്രവിഹിതം തരില്ല എന്നൊന്നും പറഞ്ഞേക്കരുത്. അതൊന്നും നിങ്ങളുടെ ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയൊടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണ്. അതു തരാതിരിക്കണമെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം. അതാണ് നിങ്ങളുടെ ലക്ഷ്യമെന്നറിയാം. പക്ഷേ അതു നടക്കില്ല – ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.

വികസനത്തിന് എതിരുനിൽക്കുന്ന സംസ്ഥാനങ്ങൾക്കു നയാപൈസ വികസനഫണ്ട് അനുവദിക്കില്ലെന്നാണ് വിവിധ പദ്ധതികൾ പ്രഖ്യാപിക്കവേ നരേന്ദ്ര മോദി വ‍ഡോദരയിൽ പറഞ്ഞത്. വികസനത്തിന് മുൻതൂക്കം നൽകുന്ന സംസ്ഥാനങ്ങൾക്ക് സർക്കാർ എല്ലാവിധ സഹായവും നൽകാൻ തയാറാണെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെ വിവിധ കക്ഷിനേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ഭരണഘടനയെക്കുറിച്ചു പ്രധാനമന്ത്രിക്കു ധാരണക്കുറവാണെന്നും കേന്ദ്രഫണ്ട് ഔദാര്യമല്ല അവകാശമാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞിരുന്നു.

മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ബഹുമാന്യനായ മോദിജീ,

സംശയമൊന്നും വേണ്ട. നിങ്ങളുടെ വികസന മാതൃകയ്ക്ക് ഞങ്ങൾ എതിരാണ്. എന്നുവെച്ച് ഞങ്ങൾക്കുള്ള കേന്ദ്രവിഹിതം തരില്ല എന്നൊന്നും പറഞ്ഞേക്കരുത്. അതൊന്നും നിങ്ങളുടെ ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയൊടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണ്. അതു തരാതിരിക്കണമെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം. അതാണ് നിങ്ങളുടെ ലക്ഷ്യമെന്നറിയാം. പക്ഷേ നടക്കില്ല.

ഏതാണ് നിങ്ങളുടെ വികസനമാതൃക? സാമ്പത്തികവളർച്ചയും ക്ഷേമപദ്ധതികളുമില്ലാത്ത മധ്യപ്രദേശും രാജസ്ഥാനുമൊക്കെയാണോ? അതോ സാമ്പത്തിക വളർച്ചയുണ്ടായിട്ടും തരിമ്പും ജനക്ഷേമ നടപടികളില്ലാത്ത ഗുജറാത്തോ? ഞങ്ങൾക്കിതു രണ്ടും സ്വീകാര്യമല്ല.

നിങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് സ്വപ്നത്തിൽപോലും ചിന്തിക്കാൻ പറ്റാത്ത വിദ്യാഭ്യാസ ആരോഗ്യാദി ക്ഷേമസൗകര്യങ്ങൾ കേരളത്തിലുണ്ട്. അതുകൊണ്ട് നിങ്ങളാണ് ഞങ്ങളെ മാതൃകയാക്കേണ്ടത്. ജനക്ഷേമപദ്ധതികൾ വേണ്ടുവോളമുണ്ടായിരുന്നെങ്കിലും സാമ്പത്തികവളർച്ചയില്ല എന്നൊരു ആക്ഷേപം നേരത്തെ കേരളത്തിനെതിരെ ഉണ്ടായിരുന്നു. എന്നാൽ ആ വിമർശനത്തിനും ഇന്നു സാംഗത്യമില്ല. മൂന്നു പതിറ്റാണ്ടോളമായി കേരളം ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. ഈ വളർച്ച ഗുജറാത്തിനെക്കാൾ മെച്ചപ്പെടുത്താൻ കഴിയുമോ എന്നാണ് ഇന്നു ഞങ്ങൾ നോക്കുന്നത്.

പക്ഷേ, പ്രിയപ്പെട്ട പ്രധാനമന്ത്രീ....

ജനങ്ങളുടെ ക്ഷേമം മറന്നുകൊണ്ടുള്ള ഗുജറാത്ത് മോഡൽ ഞങ്ങൾക്കു വേണ്ടേ വേണ്ട.

related stories