Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ: മാർച്ച് 31 വരെ സമയം നൽകാം, ബന്ധിപ്പിക്കുമെന്ന് ‘ഉറപ്പ്’ നൽകണമെന്ന് കേന്ദ്രം

Aadhaar Protest ആധാർ നിർബന്ധമാക്കുന്നതിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

ന്യൂഡൽഹി∙ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ഉൾപ്പെടെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി മാർച്ച് 31വരെ നീട്ടി നൽകാമെന്ന് കേന്ദ്ര സർക്കാർ. എന്നാൽ നിലവിൽ ആധാർ ഇല്ലാത്തവർക്കും ആധാർ ബന്ധിപ്പിക്കുമെന്ന് ഉറപ്പു നൽകുന്നവർക്കും മാത്രമേ തീയതി നീട്ടി നൽകുകയുള്ളൂവെന്നും കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുൻപാകെയാണ് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കേന്ദ്രനിലപാട് വ്യക്തമാക്കിയത്. ഡിസംബർ 31 വരെയായിരുന്നു നേരത്തേ ആധാർ ബന്ധിപ്പിക്കാനുള്ള സമയം. 

നിലവിൽ ആധാർ കാർഡില്ലെങ്കിലും പിന്നീട് ആധാറുമായി ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ബന്ധിപ്പിക്കാൻ തയാറാകുന്നവർക്കെതിരെ ഒരു നടപടിയുമെടുക്കില്ലെന്നും അറ്റോർണി ജനറൽ ഉറപ്പു നൽകി. ഇത്തരക്കാർക്കുള്ള സർക്കാർ ആനുകൂല്യങ്ങളിൽ മാർച്ച് 31 വരെ യാതൊരു തടസ്സവും ഉണ്ടാകുകയില്ല. ആനുകൂല്യം ലഭ്യമാക്കാൻ നിലവിലുള്ള മറ്റ് സർക്കാർ അംഗീകൃത രേഖകൾ മതിയാകും.

നിലവിൽ ആധാർ കാർഡ് ലഭ്യമായവരെല്ലാം അത് സിം കാർഡുമായും ബാങ്ക് അക്കൗണ്ടുകളുമായും പാൻ കാർഡുമായും ഉൾപ്പെടെ ബന്ധിപ്പിക്കണമെന്നാണു സർക്കാർ നിർദേശം. അതേസമയം ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാട് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഒരുകൂട്ടം ഹർജിക്കാർ ആരോപിച്ചു.

പരീക്ഷ എഴുതണമെങ്കിൽ വിദ്യാർഥികൾക്ക് ആധാർ കാർഡുണ്ടായിരിക്കണമെന്ന മട്ടിൽ സിബിഎസ്ഇ നടത്താനിരിക്കുന്ന പരിഷ്കാരങ്ങൾക്കെതിരെയും ഹർ‌ജിക്കാർ പ്രതിഷേധമുയർത്തി. ഇത്തരത്തിലുള്ള ഒരു കൂട്ടം ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

ആധാർ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ അന്തിമവാദം നടക്കാനിരിക്കുകയാണ്. ആധാറുമായി ബന്ധിപ്പിക്കാൻ ജനങ്ങളെ സര്‍ക്കാർ നിർബന്ധിക്കുന്ന സാഹചര്യത്തിൽ ഹർജി ഉടൻ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.

ആധാർ ബന്ധിപ്പിക്കാൻ ആഗ്രഹമില്ലാത്തവർക്കെതിരെ സർക്കാർ നടപടി എടുക്കില്ലെന്ന ഉറപ്പു ലഭിക്കേണ്ടതുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. ഇക്കാര്യത്തിൽ ഒക്ടോബർ 30ന് നിലപാടു വ്യക്തമാക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആധാറുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ എളുപ്പമാക്കി.