Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ് ബന്ധം: റിക്രൂട്ട്മെന്റിനു നേതൃത്വം നൽകിയയാളടക്കം രണ്ടുപേർക്കൂടി അറസ്റ്റിൽ

Islamic State ഐഎസ് ബന്ധത്തിന്റെ പേരിൽ ഇന്നലെ പിടിയിലായവർ. ഇടത്തുനിന്ന്: കെ.വി. അബ്ദുൽറസാഖ്, എം.വി. റാഷിദ്, കെ.സി. മിഥിലാരാജ്.

കണ്ണൂർ∙ നിരോധിത ഭീകരസംഘടനയായ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിക്കുന്ന രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിൽനിന്നായിരുന്നു റിക്രൂട്ട്മെന്റ്. വളപട്ടണം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹംസയ്ക്ക് രാജ്യാന്തരതലത്തിലെ ഐഎസ് നേതൃത്വവുമായി ബന്ധമുണ്ടെന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു. ഉത്തര കേരളത്തിൽനിന്നുള്ള റിക്രൂട്ട്മെന്റിനു ഹംസയാണ് നേതൃത്വം നൽകിയത്. ഇന്നലെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.

തുർക്കിയിൽനിന്ന് ഐഎസ് പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുർക്കി പൊലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച അഞ്ചുപേരിൽ മൂന്നു പേരെയാണ് പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. മുണ്ടേരി കൈപ്പക്കയിൽ കെ.സി. മിഥിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നോട്ട്മെട്ട എം.വി.ഹൗസിൽ എം.വി. റാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്. നിരോധിത സംഘടനയിൽ പ്രവർത്തിക്കുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്തതിനു യുഎപിഎ 38,39 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. പിടിയിലായവർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു.

ISIS Malayali Link ഐഎസ് ബന്ധത്തിന്റെ പേരിൽ കണ്ണൂരിൽ പിടിയിലായവർ. ചിത്രം: സജീഷ് ശങ്കർ

പൊലീസ് പറയുന്നതിങ്ങനെ: മൂന്നുപേരും വ്യത്യസ്ത സമയങ്ങളിലാണ് ഇറാൻ വഴി തുർക്കിയിലെത്തിയത്. മിഥിലാജ് ഷാർജയിലേക്കും റാഷിദ് മലേഷ്യയിലേക്കും അബ്ദുൽ റസാഖ് ദുബായിലേക്കും സന്ദർശക വീസയിലാണു പോയത്. അവിടെനിന്ന് ഇറാൻ വഴി തുർക്കിയിലെത്തി. ഇസ്തംബുളിലെ ഐഎസ് ക്യാംപിൽ പരിശീലനം നേടിയ ശേഷം സിറിയയിലേക്കു കടക്കുന്നതിനിടെയാണു തുർക്കി പൊലീസ് പിടികൂടി നാട്ടിലേക്ക് അയയ്ക്കുന്നത്. നാലുമാസം മുൻപ് നാട്ടിലെത്തിയ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഐഎസ് ആശയപ്രചരണം നടത്തുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.