Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറന്ന യുദ്ധം പ്രഖ്യാപിച്ച് മമത; മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കില്ല

Modi-Mamata

കൊൽക്കത്ത∙ മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു നരേന്ദ്ര മോദി സർക്കാരിന്റെ വിമർശകയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി രംഗത്ത്. തന്റെ ഫോൺ കണക്‌ഷൻ റദ്ദാക്കിയാലും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കില്ലെന്നു മമത പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് കോർ കമ്മിറ്റിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഏകാധിപത്യ രീതിയിലാണു നരേന്ദ്ര മോദി സർക്കാരിന്റെ ഭരണമെന്നു മമത ബാനർജി ആരോപിച്ചു. കേന്ദ്രത്തിൽനിന്നു ബിജെപി സർക്കാരിനെ പുറത്താക്കാൻ തൃണമൂൽ കോൺഗ്രസ് നിർണായക പങ്കുവഹിക്കുമെന്നും അവർ വ്യക്തമാക്കി. പൗരൻമാരുടെ അവകാശങ്ങളിന്മേലും സ്വകാര്യതയിലും കൈ കടത്താനാണു കേന്ദ്ര സർക്കാരിന്റെ ശ്രമം. ആരും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കരുത്. എന്റെ മൊബൈൽ കണക്‌ഷൻ എടുത്തുകളഞ്ഞാലും ശരി, മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രശ്നമില്ല – മമത പറഞ്ഞു.

തീർത്തും ഏകാധിപത്യപരമായ ഭരണമാണ് ബിജെപിയുടേത്. അവർക്കെതിരെ ആർക്കും ശബ്ദിക്കാനാകാത്ത അവസ്ഥയാണ്. ആരെങ്കിലും വിമർശനം ഉയർത്തിയാൽ അവരെ ആദായനികുതി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തും – മമത ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരിന്റെ എല്ലാ ജനദ്രോഹ നയങ്ങൾക്കുമെതിരെ ശക്തിയുക്തം പോരാടാനാണു തൃണമൂൽ കോൺഗ്രസിന്റെ തീരുമാനമെന്നും മമത വ്യക്തമാക്കി. ഞങ്ങൾ ഭീരുക്കളല്ല. കേന്ദ്രത്തിൽ ഭരണത്തിലെത്തിയില്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ആവശ്യമായ നീക്കങ്ങൾ തൃണമൂൽ കോൺഗ്രസ് നടത്തുമെന്നും മമത പ്രഖ്യാപിച്ചു.

ഇന്ത്യ കണ്ട വലിയ അഴിമതികളിലൊന്നാണു നോട്ടുനിരോധനമെന്നും മമത ആരോപിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബിജെപി സഹയാത്രികൻ യശ്വന്ത് സിൻഹ തുടങ്ങിയവരെല്ലാം നോട്ട് നിരോധനത്തെ വിമർശിക്കുന്നു. ഇവർക്കെല്ലാം ഒന്നിച്ചു തെറ്റു പറ്റുമോയെന്നും മമത ചോദിച്ചു. നോട്ടുനിരോധനം പ്രഖ്യാപിച്ച നവംബർ എട്ട് തൃണമൂൽ കോൺഗ്രസ് കരിദിനമായി ആചരിക്കുമെന്നും മമത വ്യക്തമാക്കി.

related stories