Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിയിൽ പിടിമുറുക്കി ചിൻപിങ്; ചൈനയെ ‘പുതുയുഗത്തിലേക്ക്’ നയിക്കാൻ ‘ഡ്രീം ടീം’

China Xi Jinping ചൈനീസ് പൊളിറ്റ്ബ്യൂറോ സ്ഥിരംസമിതി അംഗങ്ങളെ പ്രഖ്യാപിക്കാനെത്തുന്ന പ്രസിഡന്റ് ഷി ചിൻപിങ്.

ബെയ്ജിങ്∙ വരാനിരിക്കുന്ന ദശകങ്ങളിലും ചൈനയുടെ നിർണായക അധികാരസ്ഥാനത്തു പ്രസിഡന്റ് ഷി ചിൻപിങ് തന്നെയായിരിക്കുമെന്ന സൂചന നൽകി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ പുതിയ നേതൃനിര. പൊളിറ്റ് ബ്യൂറോ സ്ഥിരംസമിതിയിൽ ഏഴ് അംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ അറുപത്തിനാലുകാരനായ ഷി ചിൻപിങ്ങിന്റെ പിൻഗാമി ആരായിരിക്കുമെന്നതിന്റെ യാതൊരു സൂചനയും നൽകിയിട്ടില്ല.

ചിൻപിങ്ങിന്റെ നേതൃത്വത്തിൽ ലി കെഷിയാങ്(62), ലി ഷാൻഷു(67), വാങ് യാങ്(62), വാങ് ഹുനിങ്(62), ഷാവോ ലെചി(60), ഹാൻ ഷെങ്(63) എന്നിവരെയാണു സ്ഥിരംസമിതിയിലേക്കു തിരഞ്ഞെടുത്തത്. ഇവരിൽ പ്രസിഡന്റ് ചിൻപിങ്ങിനൊപ്പം ലി കെഷിയാങ്ങിനെ മാത്രമാണു കഴിഞ്ഞ സമിതിയിൽനിന്ന് ഇത്തവണയും സ്ഥിരംസമിതിയിൽ നിലനിർത്തിയത്. ഏഴംഗ സമിതിയിൽ അഞ്ചു പേർ പുതുമുഖങ്ങളാണ്. ഇവരിൽ മിക്കവരും അടുത്ത അഞ്ചു വർഷത്തിനകം വിരമിക്കാനിരിക്കുന്നവരുമാണ്.

ചൈനയുടെ ‘ഡ്രീം ടീം’

ചൈനയെ പുതുയുഗത്തിലേക്കു നയിക്കാനുള്ള ‘ഡ്രീം ടീം’ എന്നാണു പുതിയ പൊളിറ്റ് ബ്യൂറോ അംഗങ്ങളെ സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ‘പീപ്പിൾസ് ഡെയ്‌ലി’ വിശേഷിപ്പിച്ചത്. ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിളിൽ വച്ചാണ് പുതിയ അംഗങ്ങളെ ഷി ചിൻപിങ് പ്രഖ്യാപിച്ചത്. സ്ഥിരംസമിതിയിലെ ‘റാങ്ക്’ അടിസ്ഥാനമാക്കിയാണ് ഓരോരുത്തരും വേദിയിലേക്കു പ്രവേശിച്ചത്. ലഘുപ്രഭാഷണത്തിനൊടുവിൽ മാധ്യമങ്ങൾക്കു ചോദ്യങ്ങൾക്കുള്ള ഒരു അവസരവും ചിൻപിങ് നൽകിയില്ല. പ്രസംഗം തത്സമയം ഇംഗ്ലിഷിലും കേൾക്കാൻ സൗകര്യമുണ്ടായിരുന്നു.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി ഷി ചിൻപിങ്ങിനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞ ദിവസം 19–ാം പാർട്ടി കോൺഗ്രസ് തീരുമാനിച്ചിരുന്നു. അതോടെ, പാർട്ടി ചട്ട പ്രകാരം അടുത്ത അഞ്ചു വർഷം കൂടി ഷി ചിൻപിങ്ങിനു തുടരാം. മാത്രവുമല്ല, മൂന്നാംതവണയും പദവിയിൽ തുടരാൻ കഴിയുംവിധം അദ്ദേഹം ചട്ടഭേദഗതിക്കു ശ്രമിക്കുമെന്ന അഭ്യൂഹത്തിനിടെയാണു പിൻഗാമി ആരായിരിക്കുമെന്ന അവ്യക്തത ബാക്കിവച്ച് പുതിയ നേതൃനിരയെ പ്രഖ്യാപിച്ചിരിക്കുന്നത്.

വിശ്വസ്തരുമായി ചിൻപിങ്ങിന്റെ ‘പടയൊരുക്കം’

1949ലെ ചൈനീസ് കമ്യൂണിസ്റ്റു വിപ്ലവത്തിനു മുന്നോടിയായി ജനിച്ച ആരും സ്ഥിരംസമിതിയിൽ ഇടം നേടിയില്ല; ചരിത്രത്തിലാദ്യമായാണിത്. സ്ഥിരംസമിതിയിലേക്കു തിരഞ്ഞെടുത്ത ഷി ഷാൻഷുവാകട്ടെ പ്രസിഡന്റിന്റെ വലംകൈ ആയി അറിയപ്പെടുന്ന നേതാവുമാണ്. സമിതിയിലെ മൂന്നാം സ്ഥാനക്കാരനായാണ് ഇദ്ദേഹത്തെ കണക്കാക്കിയിരിക്കുന്നത്. അതേസമയം, നീക്കുപോക്കുകളുടെ ഭാഗമായി തന്റെ രാഷ്ട്രീയ എതിരാളികളെയും സ്ഥിരംസമിതിയിൽ ചിൻപിങ്ങിന് ഉൾപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.

എന്നാൽ പൊളിറ്റ് ബ്യൂറോയിൽ ഒരു ഡസനിലേറെ പേർ പ്രസിഡന്റിന്റെ വിശ്വസ്തരാണ്. പരമാവധി വിശ്വസ്തരെ തിരുകിക്കയറ്റാൻ ചിൻപിങ് ശ്രമിച്ചതായും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഷി ചിൻപിങ്ങിനു ശേഷം പാർട്ടി നേതൃസ്ഥാനത്തേക്കുയരുമെന്നു പ്രതീക്ഷിച്ചിരുന്ന ഗ്വാങ്ഡോങ് പാർട്ടി സെക്രട്ടറി ഹു ചുൻഹ്വാ, ചോങ്‌ക്വിങ് പാർട്ടി തലവൻ ചെൻ മിനെർ എന്നിവരെയും ‘ഒതുക്കി’. ഇരുവരെയും 25 അംഗ പൊളിറ്റ് ബ്യൂറോയിലേക്കാണു നാമനിർദേശം ചെയ്തത്. സ്ഥിരംസമിതിയെ കടന്നു പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കു കാര്യമായി ഒന്നും ചെയ്യാനാകില്ലെന്നതാണു യാഥാർഥ്യം.

അതേസമയം, തന്റെ അഴിമതി വിരുദ്ധ മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകാനായി വാങ് ഷിഷാനിനു പകരം ചിൻപിങ് പുതുതായി തിരഞ്ഞെടുത്തത് അത്രയേറെ പ്രശസ്തനല്ലാത്ത നേതാവിനെയാണ്. സ്ഥിരം സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷാവോ ലെചിയായിരിക്കും ഇനി സെൻട്രൽ കമ്മിഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്‌ഷൻ തലവൻ. രാജ്യത്തെ രണ്ടാമത്തെ കരുത്തുറ്റ നേതാവെന്നു പേരെടുത്ത വാങ് ഷിഷാൻ വിരമിക്കുന്ന സാഹചര്യത്തിലാണിത്. അഴിമതി വിരുദ്ധ നീക്കങ്ങളാണ് ഷിഷാനിന്റെ മുന്നേറ്റത്തിനു ഗുണകരമായത്. അഴിമതി വിരുദ്ധ സംഘത്തിന്റെ വലയിൽ ചിൻപിങ്ങിന്റെ ഭരണകാലത്ത് 13 ലക്ഷത്തിലേറെ പേരാണു കുടുങ്ങിയത്.

related stories