Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേൽജാതിക്കാരിയുടെ ബക്കറ്റ് ‘തൊട്ടതിന്’ യുപിയിൽ ദലിത് സ്ത്രീയെ മർദ്ദിച്ചു കൊന്നു

up-women-representational-image Representational Image

ലക്നൗ∙ ജാതി ഉച്ചനീചത്വത്തിന്റെ ഫലമായി ഉത്തർപ്രദേശിൽ ഗർഭിണിയായ ദലിത് സ്ത്രീക്കും ഗർഭസ്ഥശിശുവിനും ദാരുണാന്ത്യം. എട്ടു മാസം ഗർഭിണിയായിരുന്ന യുപി ബുലന്ദ്ഷർ ജില്ലയിലെ ഖേതൽപുർ ഭൻസോലി ഗ്രാമത്തിലെ സാവിത്രി ദേവിയും ഗർഭസ്ഥശിശുവുമാണ് മേൽജാതിക്കാരുടെ അടിയും തൊഴിയും ചവിട്ടുമേറ്റു മരിച്ചത്. മേഖലയിലെ മേൽജാതിക്കാരുടെ വീടുകളിൽനിന്നു മാലിന്യം ശേഖരിക്കുന്ന തൊഴിലായിരുന്നു സാവിത്രി ദേവിയുടേത്. ഇതിനിടയിൽ അബദ്ധത്തിൽ മേൽജാതിക്കാരുടെ ബക്കറ്റിൽ തൊട്ടതാണു സാവിത്രിക്കു മർദ്ദനമേൽക്കാൻ കാരണം.

സംഭവമിങ്ങനെ: വീടുകളിൽനിന്നു മാലിന്യം ശേഖരിക്കാനെത്തിയതായിരുന്നു സാവിത്രി. തൊട്ടടുത്തുകൂടി ഒരു ഓട്ടോറിക്ഷാ കടന്നുപോയപ്പോൾ അവർക്കു നിലതെറ്റി. മറിഞ്ഞുവീഴാതിരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് മേൽജാതിക്കാരിയുടെ ബക്കറ്റിൽ തൊട്ടത്. ഇതേത്തുടർന്നു ഠാക്കൂർ വിഭാഗത്തിൽപ്പെട്ട അഞ്ജു ഓടിയെത്തി സാവിത്രിയെ മർദിക്കുകയായിരുന്നു. വയറ്റിനിട്ടു പലതവണ ഇടിച്ചു. തല ഭിത്തിയിൽ ഇടിപ്പിച്ചു. തന്റെ ബക്കറ്റ് ‘തൊട്ട്’ അശുദ്ധമാക്കിയെന്നാരോപിച്ചായിരുന്നു ഇത്. പിന്നാലെ അഞ്ജുവിന്റെ മകൻ‌ രോഹിത്തും സാവിത്രിയെ വടിയുപയോഗിച്ച് അടിച്ചു. ഒക്ടോബർ 15നാണു സംഭവം. ആറു ദിവസങ്ങൾക്കുശേഷമാണ് സാവിത്രിയും ഗർഭത്തിലിരിക്കുന്ന ശിശുവും മരിച്ചത്.

മർദ്ദനമേറ്റ അന്നുതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ പരിശോധിച്ചില്ലെന്നു സാവിത്രിയുടെ ഭർത്താവ് ദിലീപ് കുമാർ (30) പറഞ്ഞു. ശരീരത്തിൽ കാണാവുന്നതരത്തിൽ ചോരയൊഴുകുന്നില്ലായിരുന്നു. അതുകൊണ്ട് അവർ കുഴപ്പമില്ലെന്നു പറഞ്ഞെന്നും ദിലീപ് അറിയിച്ചു. വീട്ടിലെത്തിയെങ്കിലും തലവേദനയും വയറുവേദനയുമെന്നു സാവിത്രി പരാതിപ്പെടുന്നുണ്ടായിരുന്നു. പിന്നീട്, ദിലീപ് അഞ്ജുവിനെ കണ്ടു ഇക്കാര്യം ചോദിച്ചപ്പോൾ ഠാക്കൂർ കുടുംബം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 18ന് പൊലീസിൽ പരാതി നൽകി.

പരാതിയെത്തുടർന്നു മെഡിക്കോ – ലീഗൽ പരിശോധന നടത്താൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പരുക്കൊന്നുമില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതേത്തുടർന്ന് കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. 20നു സ്ഥലം സന്ദർശിച്ചപ്പോഴാണു കാര്യങ്ങൾ വ്യക്തമായത്. തുടർന്ന് അഞ്ജുവിനും മകനുമെതിരെ എഫ്ഐആർ ഫയൽ ചെയ്തു. 21നാണു സാവിത്രി മരിക്കുന്നത്. തലയ്ക്കേറ്റ പരുക്കാണു മരണത്തിനു കാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അ‍ഞ്ജുവും രോഹിത്തും ഒളിവിൽപ്പോയി.

2011ലെ സെൻസസ് അനുസരിച്ച് ഖേതൽപുർ ഭൻസോലി ഗ്രാമത്തിലെ 3,313 ജനങ്ങളിൽ 30% പേർ ദലിതരാണ്. ഇവിടെ ഠാക്കൂർ – ദലിത് വഴക്കുകളും പ്രതിഷേധവും പതിവാണ്.