Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബര കാറിലെ വിവാദ യാത്ര: കോടിയേരിയെ അറിയില്ലെന്ന് കാരാട്ട് ഫൈസൽ

karat-faisal കാരാട്ട് ഫൈസൽ

കോഴിക്കോട്∙ ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്ന് വ്യക്തമാക്കി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസൽ. വാഹനം വിട്ടുകൊടുത്തത് സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടാണ്. സ്വർണക്കടത്തുകേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ടു കേസുകളൊന്നും നിലവിലില്ലെന്നു വ്യവസായി കൂടിയായ ഫൈസൽ കാരാട്ട് പറഞ്ഞു. ഈ കേസിൽപ്പെട്ട മറ്റു പ്രതികൾക്കെല്ലാമെതിരെ കോഫെപോസ നിയമപ്രകാരം ഡിആർഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങൾ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു മാത്രമാണെന്നും കാരാട്ട് ഫൈസൽ പറഞ്ഞു.

ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കൊടുവള്ളിയിൽ കോടിയേരിയുടെ സഞ്ചാരം.

അതേസമയം, സ്വർണ കള്ളക്കടത്തുകേസിൽ പ്രതിയല്ലെന്ന ഫൈസലിന്റെ വാദം കള്ളമാണെന്ന് മനോരമ ന്യൂസ് വാർത്ത പുറത്തുകൊണ്ടുവന്നു. കേസിലെ ഏഴാം പ്രതിയാണ് ഫൈസൽ ഇപ്പോഴും. മുഖ്യപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്നും കണ്ടെത്തിയിട്ടുണ്ട്. ഷഹബാസിന്റെ കാറാണ് ഫൈസലിന്റെ വീട്ടിൽനിന്നു കണ്ടെടുത്തത്. വിവിധ വിമാനത്താവളങ്ങൾവഴി 11.7 കോടി രൂപയുടെ സ്വർണം കടത്തിയതതായും കണ്ടെത്തി.

കാരാട്ട് ഫൈസൽ ഹവാല കേസ് പ്രതിയാണെന്നാരോപിച്ചു ബിജെപി നേതാവ് കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു യാത്ര വിവാദമായത്. 2013ൽ കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കള്ളക്കടത്തു കേസിലെ പ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യു സെവൻ കാർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ നിന്നു ഡിആർഐ കസ്റ്റഡിയിലെടുത്തിരുന്നു. ഫൈസലിനെയും ഡിആർഐ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.

related stories