Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൗമോപരിതലത്തിൽ അണുബോംബ് പരീക്ഷിക്കും: ഭീഷണിയുമായി ഉത്തര കൊറിയ

North Korean leader Kim Jong-Un

പ്യോങ്യാങ്∙ ഭൗമോപരിതലത്തിൽ അണുബോംബ് പരീക്ഷിക്കുമെന്ന തങ്ങളുടെ മുന്നറിയിപ്പ് അക്ഷരാർഥത്തിൽ പാലിക്കുമെന്ന് ഉത്തര കൊറിയയിലെ മുതിർന്ന ഉദ്യോഗസ്ഥൻ റി യോങ് പിൽ. പസഫിക് സമുദ്രത്തിനു മുകളിൽ ഹൈഡ്രജൻ ബോംബ് വീണ്ടും പരീക്ഷിക്കുമെന്ന വിദേശകാര്യമന്ത്രിയുടെ വാക്കുകൾ തള്ളിക്കളയേണ്ടതില്ല. ഉത്തര കൊറിയ തങ്ങളുടെ വാക്ക് എന്നും പാലിക്കാറുണ്ടെന്നും റി യോങ് പറഞ്ഞു.

ഉത്തര കൊറിയയെ ഉന്മൂലനം ചെയ്യുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎന്നിൽ പ്രസംഗിച്ചതിനു പിന്നാലെയാണു വിദേശകാര്യമന്ത്രി റി യോങ് ഹോ നിലപാടു വ്യക്തമാക്കിയത്. കൂടുതൽ കാര്യങ്ങൾ ‘നേതാവ്’ തീരുമാനിക്കുമെന്നും ഹോ പറഞ്ഞിരുന്നു.

ഏകാധിപതി കിം ജോങ് ഉന്നിന്റെ ലക്ഷ്യങ്ങൾ കൃത്യമായി അറിയാവുന്ന വ്യക്തിയാണു വിദേശകാര്യമന്ത്രി. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ തള്ളിക്കളയേണ്ടതില്ല – റി യോങ് പറഞ്ഞു. യുഎസും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ഇപ്പോൾ നിലവിലില്ല. സൈനിക നടപടിയെക്കുറിച്ചു സംസാരിക്കുകയും അതു പരിശീലിക്കുകയുമാണ് യുഎസ്. എല്ലാ മാർഗത്തിലൂടെയും ഞങ്ങൾക്കുമേൽ സമ്മർദം ചെലുത്തുന്നതിനാണ് അവരുടെ ശ്രമം. ഇവയിലൂടെ ഞങ്ങളെ വരുതിയിലാക്കാമെന്നു കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കു തെറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയ ആണവ ഗവേഷണവും പരിശീലനവും കാലങ്ങളായി തുടർന്നുവരികയാണ്. ഭൗമോപരിതലത്തിൽ അണുബോംബ് പരീക്ഷിക്കാൻ ഉത്തര കൊറിയ തയാറായാൽ മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള ആദ്യ ഉപരിതല ആണവപരീക്ഷണമാകും. 1980ൽ ചൈനയാണ് അവസാനമായി സമാന പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ മുൻപു നടത്തിയതെല്ലാം ഭൂഗർഭ ആണവ പരീക്ഷണങ്ങളായിരുന്നു.

കഴിഞ്ഞ മാസം 120 കിലോ ടൺ സംഹാരശേഷിയുള്ള ഹൈഡ്രജൻ ബോംബ് അവർ പരീക്ഷിച്ചിരുന്നു. ഉത്തര കൊറിയയുടെ നീക്കത്തെ ലോകം തികഞ്ഞ ആശങ്കയോടെയാണു നോക്കിക്കാണുന്നത്. ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിച്ച അണുബോംബ് പരീക്ഷിച്ച്, രണ്ടിന്റെയും കൃത്യത ഉറപ്പാക്കാനാണ് ഉദ്ദേശ്യമെങ്കിലും സാങ്കേതികപ്പിഴവു മഹാദുരന്തത്തിൽ കലാശിക്കാനുള്ള സാധ്യതയേറെയാണെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.