Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താജ്മഹലിന് 370 കോടി; സഞ്ചാരികളുടെ സുരക്ഷ ഏറ്റെടുക്കുമെന്നും യോഗി

Yogi Adithyanath താജ്മഹലിന്റെ പടിഞ്ഞാറൻ ഗേറ്റിനു സമീപംശുചീകരണ പ്രവർത്തനം നടത്തുന്ന മുഖ്യമന്ത്രിയോഗി ആദിത്യനാഥ്.

ലക്നൗ∙ വിവാദങ്ങൾ തണുപ്പിക്കാൻ താജ്മഹൽ സന്ദർശിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൻ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. താജ്മഹലുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന മുന്‍നിലപാട് തിരുത്തുന്നതു കൂടിയായി യോഗിയുടെ സന്ദർശനം.

രാവിലെ എട്ടേ മുക്കാലോടെ ആഗ്ര ഖേരിയ വിമാനത്താവളത്തിലിറങ്ങിയ യോഗി, നംഗ്ല പൈമ ഗ്രാമവും റബർ ചെക്ക് ഡാമും സന്ദർശിച്ചു. തുടർന്ന് താജ് മഹലിലെത്തിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 500 ബിജെപി പ്രവർത്തകര്‍ പങ്കെടുത്ത വലിയ ശുചീകരണം പടിഞ്ഞാറൻ ഗേറ്റിൽ നടന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 14,000 പൊലീസുകാരെയാണ് ആഗ്രയില്‍ വിന്യച്ചിരുന്നത്.

Yogi-Adityanath-Tajmahal1

ആദ്യമായാണു യുപിയിലെ ബിജെപി മുഖ്യമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. ആഗ്ര കോട്ടയില്‍ നിന്ന് താജ്മഹലിലേക്കുള്ള പാതയുടെ ശിലാസ്ഥാപനം ഉൾപ്പെടെയുള്ള വികസന പദ്ധതികളാണു മുഖ്യമന്ത്രി അനുവദിച്ചത്. ആഗ്ര കോട്ടയിലെ സന്ദര്‍ശനത്തിനു ശേഷം താജ്മഹൽ അധികൃതരുമായി മുഖ്യമന്ത്രി അവലോകന യോഗവും നടത്തി. താജ്മഹലിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അനുചിതമാണെന്നു പറഞ്ഞ യോഗി വിദേശി, സ്വദേശി സഞ്ചാരികളെ അതിഥികളായി സ്വീകരിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും വ്യക്തമാക്കി.

സഞ്ചാരികൾക്കു വേണ്ടത്ര സുരക്ഷയൊരുക്കാൻ സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം കഴിഞ്ഞ മേയില്‍ യോഗി ആഗ്രയിലെത്തിയെങ്കിലും താജ്്മഹല്‍ സന്ദര്‍ശിച്ചിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ വിനോദസഞ്ചാര കൈപ്പുസ്തകത്തിൽ താജ്‌മഹലിനെ ഒഴിവാക്കിയതോടെയാണു വിവാദങ്ങൾ തുടങ്ങിയത്.

ശിവ ക്ഷേത്രം തകർത്തിട്ടാണു ഷാജഹാൻ താജ്‌മഹൽ ഉണ്ടാക്കിയെന്ന തരത്തിൽ ബിജെപി നേതാക്കളും ജനപ്രതിനിധികളുമായ സന്ദീപ് സോം, വിനയ് കത്യാർ എന്നിവരുടെ പരാമർശങ്ങൾ വിവാദങ്ങൾക്ക് ആക്കം കൂട്ടി. ആരാണ് താഹ്‍മഹൽ നിർമിച്ചതെന്ന വിവാദം അനാവശ്യമാണെന്നും ഇന്ത്യക്കാരുടെ ചോരയും വിയര്‍പ്പുമാണു താജ്മഹലിന്‍റെ നിര്‍മാണത്തിനു പിന്നിലെന്നും യോഗി പിന്നീട് തിരുത്തിപ്പറഞ്ഞു.