Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂത്ത് കോൺഗ്രസിൽ ‘കശാപ്പ് വിവാദം’; മൂന്നു ജനറൽ സെക്രട്ടറിമാർ രാജിവച്ചു

Youth-Congress കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു മേയ് 27നു കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്തിൽ കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്യുന്നതിനു തൊട്ടുമുൻപ്. (ഫയൽ ചിത്രം)

കണ്ണൂർ∙ കാളക്കുട്ടിയെ പരസ്യമായി കശാപ്പു ചെയ്തു പ്രതിഷേധിച്ചതിനു ഒരാൾക്കു സസ്പെൻഷൻ; അതേ സമരത്തിനു നേതൃത്വം നൽകിയ മറ്റൊരു നേതാവിനു പകരം ചുമതല. യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം കമ്മിറ്റിയിൽ പരസ്യകശാപ്പു സമരത്തിന്റെ പേരിൽ വിവാദം പുകയുകയാണ്.

യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റിന്റെ ചുമതല സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിലിനു നൽകിയതിനെതിരെയാണു   സംഘടനയിൽ എതിർപ്പ്. തീരുമാനത്തിൽ പ്രതിഷേധിച്ചു മൂന്നു മണ്ഡലം ജനറൽ സെക്രട്ടറിമാർ രാജിവച്ചു. കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു നടുറോഡിൽ പരസ്യമായി കാളക്കുട്ടിയെ കശാപ്പു ചെയ്തതിനാണു ലോക്സഭാ മണ്ഡലം പ്രസിഡന്റായിരുന്ന റിജിൽ മാക്കുറ്റിയെ ജൂണിൽ യൂത്ത് കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്തത്.

എന്നാൽ ഇതേ സമരത്തിനു നേതൃത്വം നൽകിയ ജോഷി കണ്ടത്തിലിനു പ്രസിഡന്റിന്റെ ചുമതല നൽകിയതിലാണ് ഒരു വിഭാഗത്തിന് എതിർപ്പ്. പരസ്യകശാപ്പ് സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജോഷി കണ്ടത്തിലും പ്രതിയാണെന്നും എതിർപ്പുന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു മേയ് 27നാണ് കണ്ണൂർ സിറ്റി ജംക്‌ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ  കാളക്കുട്ടിയെ കശാപ്പുചെയ്തു മാംസം വിതരണം ചെയ്തത്.

സംഭവം വിവാദമായതിനെത്തുടർന്നു റിജിൽ മാക്കുറ്റിയടക്കം മൂന്നുപേരെ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം സസ്പെൻഡ് ചെയ്തു. യുവമോർച്ച പ്രവർത്തകർ നൽകിയ പരാതിയിൽ റിജിൽ മാക്കുറ്റിയും ജോഷി കണ്ടത്തിലും അടക്കം എട്ടു യൂത്ത് കോൺഗ്രസ് പ്രവർത്തരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറിമാരായ നബീൽ വളപട്ടണം, നിസാർ മുല്ലപ്പള്ളി, നികേത് നാറാത്ത് എന്നിവരാണു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനു രാജി നൽകിയത്. സസ്പെൻഡ് ചെയ്യപ്പെട്ട റിജിലും പകരം ചുമതല കിട്ടിയ ജോഷിയും ഇപ്പോൾ എതിർപ്പുയർത്തുന്നവരുമെല്ലാം ഐ ഗ്രൂപ്പുകാരാണെന്നതും കൗതുകം.

പരസ്യ കശാപ്പുവിഷയത്തിൽ മൂന്നു പേരെ സസ്പെൻഡു ചെയ്യുകയും പരിപാടിക്കു നേതൃത്വം നൽകിയ മറ്റു ഭാരവാഹികളെ നടപടിയിൽ നിന്നൊഴിവാക്കുകയും ചെയ്തപ്പോൾ പ്രതിഷേധിക്കാത്തവർ ഇപ്പോൾ പുതിയ ചുമതല നൽകിയപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തുന്നത് എന്തിനാണെന്നാണു എ ഗ്രൂപ്പിന്റെ ചോദ്യം. 

related stories