Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിവയ്പ് നടക്കുന്ന യുഎസിലും സ‍ഞ്ചാരികൾ പോകുന്നില്ലേ? കണ്ണന്താനം

Alphonse-kannanthanam

ന്യൂഡൽഹി ∙ വിനോദ സഞ്ചാരികൾക്ക് ‘വളരെ സുരക്ഷിതമായ സ്ഥല’മാണ് ഇന്ത്യയെന്ന് കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി അൽഫോൻസ് കണ്ണന്താനം. തുടർച്ചയായി വെടിവയ്പു നടക്കുന്ന യുഎസിലും ഭീകരാക്രമണങ്ങൾ നടക്കുന്ന യൂറോപ്പിലും അതിന്റെ പേരിൽ വിനോദസഞ്ചാരികൾ പോകാതിരിക്കുന്നുണ്ടോയെന്നും കണ്ണന്താനം ചോദിച്ചു. ആഗ്രയിലെ ഫത്തേപ്പുർ സിക്രിയിൽ സ്വിറ്റ്സർലൻഡുകാരായ രണ്ടുപേർ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് വിശദീകരണവുമായി കണ്ണന്താനം രംഗത്തെത്തിയത്. ആഗ്രയിൽ നടന്നതുപോലുള്ള സംഭവങ്ങൾ ഇന്ത്യയിൽ അപൂർവമായി മാത്രം നടക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ആക്രമണത്തിനിരയായ സ്വിറ്റ്സർലൻഡ് സ്വദേശികളുടെ ആരോഗ്യത്തിൽ ആശങ്കയുണ്ടെന്നു സ്വിസ് എംബസി വ്യക്തമാക്കി. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഇവർക്കു നീതി ഉറപ്പാക്കുമെന്ന വിശ്വാസമുണ്ടെന്നും വാർത്താക്കുറിപ്പിൽ എംബസി അറിയിച്ചു. സംഭവത്തിനു പിന്നാലെ, പൂർണ പിന്തുണയുമായി രംഗത്തുവന്ന ഇന്ത്യൻ അധികൃതർക്കും ജനങ്ങൾക്കും മാധ്യമങ്ങൾക്കും എംബസി നന്ദി അറിയിച്ചു. 

ആഗ്രയിലെ ഫത്തേപ്പുർ സിക്രിയിൽ സ്വിറ്റ്സർലൻഡിൽനിന്നുള്ള സഞ്ചാരികളായ യുവാവും യുവതിയും ക്രൂരമായ ആക്രമണത്തിനിരയായ സംഭവം രാജ്യത്തിനാകെ നാണക്കേടായിരുന്നു. ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇന്ത്യയുടെ അഭിമാനസ്ഥലമായ ആഗ്രയിലുണ്ടായ ആക്രമണം യുപി സർക്കാരിനെ പ്രതിരോധത്തിലാക്കിയതോടെ, സംഭവത്തിൽ ഇടപെട്ടു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉൾപ്പെടെയുള്ളവർ രംഗത്തുവരികയും ചെയ്തു. 

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ക്വെന്റിൻ ജെറമി ക്ലാർക്ക് (24), കൂട്ടുകാരി മാരി ഡ്രോസ് (24) എന്നിവർ ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ക്ലാർക്കിന്റെ തലയോട്ടിക്കു പൊട്ടലുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും വടികൊണ്ടുള്ള ശക്തമായ അടിയേറ്റു കേൾവിശക്തിക്കു തകരാർ സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഇടതുകൈ ഒടിഞ്ഞ മാരി വ്യാഴാഴ്ച വൈകിട്ടോടെ ആശുപത്രി വിട്ടിരുന്നു.

ആക്രമണം

സെപ്റ്റംബർ 30ന് ആണ് ഇരുവരും ഇന്ത്യയിലെത്തിയത്. താജ് മഹൽ സന്ദർശിച്ചശേഷം കഴിഞ്ഞ ഞായ‌റാഴ്ച ഫത്തേപ്പുർ സിക്രിയിലെ റെയിൽവേ സ്റ്റേഷനു സമീപം നിൽക്കുകയായിരുന്ന ഇവരെ അഞ്ചു യുവാക്കൾ ശല്യപ്പെടുത്തി. ഒപ്പംനിന്നു സെൽഫിയെടുക്കണമെന്നു മാരിയോട് ആവശ്യപ്പെട്ട സംഘം പിന്നീട് ഇവരെ കടന്നുപിടിക്കാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും സംഘം പിന്തുടർന്ന് ആക്രമിച്ചു. നിലത്തുവീണപ്പോൾ വടിയും കല്ലും ഉപയോഗിച്ചു മർദിച്ചു. ‘അവർ പറയുന്നതു ഞങ്ങൾക്കു മനസ്സിലായില്ല. മാരിയെ വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതു ഞാൻ എതിർത്തതാണ് ആക്രമണത്തിൽ കലാശിച്ചത് ’–ക്ലാർക്ക് പറഞ്ഞു. ആളുകൾ സംഭവം മൊബൈൽ ഫോണിൽ പകർത്തിയതല്ലാതെ സഹായത്തിനെത്തിയില്ല. യുപി–രാജസ്ഥാൻ അതിർത്തിയിൽനിന്നാണു പ്രതികൾ അറസ്റ്റിലായത്. അഞ്ചംഗ സംഘത്തിലെ മൂന്നു പേർ പ്രായപൂർത്തിയാകാത്തവരാണ്.