Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ; നിയമസാധുതയില്ലെന്ന് സ്പെയിൻ

Spain Catalonia

ബാർസിലോന ∙ സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം നേടിയെന്ന പ്രഖ്യാപനവുമായി കാറ്റലോണിയ. സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏർപ്പെടുത്താൻ സ്പാനിഷ് സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.

ഇതിനായി കാറ്റലോണിയൻ പാർലമെന്റ് പ്രത്യേക പ്രമേയം പാസാക്കി. 135 അംഗ സഭയിൽ 70 പേർ അനുകൂലമായി വോട്ട് ചെയ്തു. 10 പേർ തീരുമാനത്തെ എതിർത്തപ്പോൾ രണ്ടു പേർ അഭിപ്രായം രേഖപ്പെടുത്തിയില്ലെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്ന് സ്പെയിൻ പ്രധാനമന്ത്രി മറിയാനോ റജോയി വ്യക്തമാക്കി.

സ്വയംഭരണാവകാശം റദ്ദാക്കി കാറ്റലോണിയയിൽ കേന്ദ്രഭരണം ഏർപ്പെടുത്തുമെന്ന് സ്പെയിൻ പ്രധാനമന്ത്രി മറിയാനോ റജോയിയുടെ പ്രഖ്യാപനം കാറ്റലോണിയ ഭരണത്തലവൻ കാർലസ് പുജമോണ്ട് നേരത്തേ തള്ളിയിരുന്നു. രാജ്യതാൽപര്യം സംരക്ഷിക്കാനെന്ന പേരിൽ കേന്ദ്രഭരണം ഏർപ്പെടുത്താനുള്ള സ്പാനിഷ് സർക്കാരിന്റെ നീക്കം ഭരണഘടന അട്ടിമറിക്കലാണെന്നു കാറ്റലോണിയ പാർലമെന്റ് സ്പീക്കർ കാർമെ ഫോർകാഡെലും ആരോപിച്ചു.

എന്നാൽ, അട്ടിമറി നീക്കം നടത്തുന്നതു പ്രാദേശിക ഭരണകൂടമാണെന്നാണു സ്പെയിനിന്റെ നിലപാട്. സ്പെയിൻ ഭരണകൂടത്തിന്റെ നീക്കത്തെ നിസ്സഹകരണ സമരത്തിലൂടെ നേരിടാനായിരുന്നു കാറ്റലോണിയയുടെ ആലോചന. കേന്ദ്രഭരണത്തിനുള്ള മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നൽകാൻ സ്പെയിൻ സെനറ്റ് കൂടാനിരിക്കെയാണു കാറ്റലോണിയ പാർലമെന്റ് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.