Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐയേക്കാൾ സിപിഎം വിലമതിക്കുന്നത് തോമസ് ചാണ്ടിയുടെ സമ്പത്ത്: കുമ്മനം

Kummanam-Pinarayi

തിരുവനന്തപുരം ∙ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുമായി സിപിഎമ്മിനുള്ള അവിശുദ്ധ കൂട്ടുകെട്ടിനു തെളിവാണ് ഹൈക്കോടതിയിലെ കേസിൽ ഹാജരാകുന്നതിൽ നിന്ന് എഎജിയെ ഒഴിവാക്കിയ സംഭവമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ സാധാരണ എഎജിയാണ് ഹാജരാകാറുള്ളത്. എന്നാല്‍ ഈ കീഴ്‌വഴക്കം ലംഘിച്ച് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത് ബോധപൂർവമാണെന്ന് കുമ്മനം ആരോപിച്ചു.

സിപിഎമ്മിന്‍റെ ചൊൽപ്പടിക്കു നിൽക്കുന്ന അഭിഭാഷകനെ ഉപയോഗിച്ചു കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഘടകക്ഷിയെന്ന നിലയിൽ സിപിഐയുടെ സേവനത്തേക്കാൾ സിപിഎം വിലമതിക്കുന്നത് തോമസ് ചാണ്ടിയുടെ സമ്പത്തിനേയാണ്. തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് സിപിഎം തെളിയിച്ച സ്ഥിതിക്ക് സിപിഐ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിയുടെ കയ്യേറ്റം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവ സ്ഥലം സന്ദർശിക്കണം എന്നാവശ്യപ്പെട്ട് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതി സബ് കമ്മറ്റിക്ക് ആഴ്ചകൾ മുൻപ് പരാതി കൊടുത്തെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുമ്മനം പറഞ്ഞു.