Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ച് പൊലീസ് വാഹനത്തിൽ കറങ്ങിയ ഐജിക്കെതിരെ നടപടി വേണം: ഡിജിപി

Representative Image

തിരുവനന്തപുരം/അഞ്ചൽ ∙ മദ്യപിച്ച് പൊലീസ് വാഹനത്തിൽ അപകടകരമായ വിധത്തിൽ യാത്ര ചെയ്ത ഐജിക്കെതിരെ നടപടി വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ക്രൈംബ്രാഞ്ച് ഐജി: ഐ.ജെ.ജയരാജന് എതിരെയാണ് നടപടി ശുപാർശ ചെയ്ത് ബെഹ്റ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്തു നൽകിയത്.

മദ്യലഹരിയിൽ പൊലീസ് വാഹനത്തിൽ കറങ്ങിയ ഐജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലിൽ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. വൈദ്യ പരിശോധന നടത്തിയ പൊലീസ്, ക്രൈംബ്രാഞ്ച് ഐജിയെ ഒഴിവാക്കി ഡ്രൈവർ സന്തോഷിനെതിരെ മാത്രമാണു കേസെടുത്തത്. പൊലീസ് വാഹനം നിയന്ത്രണമില്ലാതെ പായുന്നതായുള്ള വിവരം അഞ്ചൽ സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്നാണു പൊലീസ് പരിശോധന നടത്തിയത്.

സ്റ്റേഷനു സമീപത്തെ റോഡിൽവച്ചു പിടികൂടുമ്പോൾ വാഹനത്തിൽനിന്ന് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു രണ്ടുപേരും. വിവരം ഉടനെ ഡിജിപിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരമായിരുന്നു വൈദ്യപരിശോധന. പുനലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ രണ്ടുപേരും അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. മദ്യപിച്ചു വാഹനം ഓടിച്ചതിനാണു ഡ്രൈവർ സന്തോഷിന്റെ പേരിൽ കേസ് എടുത്തത്. പിന്നീടു ജാമ്യത്തിൽ വിട്ടു. പുനലൂർ ഡിവൈഎസ്പി ഓഫിസിൽ സൂക്ഷിച്ചിരുന്ന വാഹനവും വിട്ടയച്ചു.

ഐജി ജയരാജന്റെ കൊട്ടാരക്കരയിലുള്ള സുഹൃത്തിന്റെ സൽക്കാരത്തിൽ പങ്കെടുത്തശേഷമാണ് ഇവർ അ‍ഞ്ചലിൽ എത്തിയത്. അന്വേഷണം തുടരുന്നതായി ഐജി മനോജ് ഏബ്രഹാം പറഞ്ഞു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും കൃത്യ നിർവഹണത്തിനിടെ മദ്യപിച്ചതിനും അച്ചടക്ക നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപിന്നാലെയാണു ഡിജിപിയുടെ ഇടപെടലുണ്ടായത്.

ജയരാജ് ഡിഐജി റാങ്കിൽ ലീഗൽ മെട്രോളജി വകുപ്പ് ഡയറക്ടറായി ജോലി ചെയ്യുന്ന കാലത്തു ജനശതാബ്ദി ട്രെയിനിൽ യാത്രക്കിടെ മദ്യപിച്ചു ബഹളമുണ്ടാക്കുകയും സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായും ആരോപണമുണ്ട്.