Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായല്‍ കയ്യേറ്റം: എഎജി തന്നെ ഹാജരാകണമെന്ന് റവന്യൂമന്ത്രി ചന്ദ്രശേഖരൻ

e-chandrasekharan minister

കൊച്ചി∙ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കായൽ–ഭൂമി കയ്യേറ്റക്കേസിൽ അഡീഷണല്‍ അഡ്വക്കറ്റ് ജനറൽ(എഎജി) രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ. ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്(എജി) മന്ത്രി കത്ത് നൽകി. നേരത്തേ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് എഎജിയെ മാറ്റിയിരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഇപ്പോൾ റവന്യൂവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ ഉമടസ്ഥതയിലുള്ള ലേക് പാലസ് റിസോർ‌ട്ടിനു വേണ്ടി തണ്ണീർത്തടങ്ങളും വയലും നികത്തിയെന്ന കേസ് പ്രാധാന്യത്തോടെയാണ് റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് എഎജി തന്നെ ഹാജരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് അറ്റോർണി കെ.വി.സോഹനാണു ഹാജരായത്. ഇതു താൻ അറിഞ്ഞിരുന്നില്ലെന്ന് രഞ്ജിത് തമ്പാൻ പരാതിപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കെയാണ് മന്ത്രിയുടെ ഇടപെടൽ.

പി.വി.അൻവർ എംഎൽഎ ഉൾപ്പെട്ട ഭൂമികയ്യേറ്റ കേസിലും അന്വേഷണം തുടരാൻ റവന്യൂവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.  എന്നാൽ എഎജിയെ മാറ്റിയ തീരുമാനത്തിൽ മാറ്റമില്ലെന്ന് എജിയുടെ ഓഫിസ് അറിയിച്ചതായി റിപ്പോർട്ടുണ്ട്. കേസിൽ കെ.വി.സോഹൻ തന്നെ തുടരുമെന്നാണു സൂചന.