Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മെർസൽ’ സിനിമയാണ്, ജീവിതമല്ല: വിലക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി

Vijay Mersal

ചെന്നൈ∙ വിജയ് നായകനായ മെർസലിലെ ജിഎസ്ടി സംബന്ധിച്ച പരാമർശങ്ങൾ നീക്കണമെന്ന വിവാദം കൊണ്ടുപിടിച്ചിരിക്കെ ആശ്വാസ വിധിയുമായി മദ്രാസ് ഹൈക്കോടതി. ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മെർസലിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.അശ്വത്ഥമാൻ എന്ന അഭിഭാഷകൻ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ജസ്റ്റിസ് എം.എം.സുന്ദരേഷും എം.സുന്ദറും തള്ളിയത്.

സിനിമയെ സിനിമയായി കാണണം, അതിലുള്ളത് ജീവിതമല്ല. എത്രയോ വിഷയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നു. അവയെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ല. രാജ്യത്ത് എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങൾ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ട്. പക്വതയുള്ള ഒരു ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമർത്താനാകില്ല. സിനിമയിൽ ഉൾക്കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അന്തിമവിധി പ്രേക്ഷകരുടേതാണെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തിനെതിരെയുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്ന് ഹർജിയിൽ ആരോപിക്കുന്നു. സംഭാഷണങ്ങളിലെ വിവരങ്ങളും തെറ്റാണ്. ജിഎസ്ടി സംബന്ധിച്ച തെറ്റിദ്ധാരണയിലേക്കു നയിക്കുന്ന രംഗങ്ങളും ചിത്രത്തിലേറെയുണ്ടെന്ന് ഹർജിയിൽ ആരോപിച്ചു.

എന്നാൽ രാജ്യത്തെ സാമൂഹ്യാവസ്ഥകളിൽ നിങ്ങൾ ശരിക്കും ആശങ്കപ്പെടുന്നുണ്ടെങ്കിൽ ‘മെർസൽ’ പോലുള്ള സിനിമയ്ക്കെതിരെയല്ല പരാതി നൽകേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. ചില സിനിമകളിൽ പണക്കാരിൽ നിന്നു ധനം തട്ടിയെടുത്ത് പാവപ്പെട്ടവർക്കു നൽകുന്ന നായകന്മാരുണ്ട്. അവർക്കെതിരെയും കേസു കൊടുക്കുമോ? കോടതി ചോദിച്ചു.