Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിസി പട്ടികയ്ക്കെതിരെ മുരളീധരൻ, വിഷ്ണുനാഥിനെ ഒഴിവാക്കണം: കൊടിക്കുന്നിൽ

pc-vishnunath

ന്യൂഡൽഹി∙ കെപിസിസി പട്ടികയെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ മുറുകുന്നു. കൊല്ലത്തെ എഴുകോണ്‍ ബ്ലോക്കില്‍നിന്ന് ഉൾപ്പെടുത്തിയ എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥിന്റ പേര് ഒഴിവാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. എന്നാൽ വിഷ്ണുനാഥിനെ ഒഴിവാക്കിയാൽ കടുത്ത നിലപാടെടുക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പു നൽകി. ഇതിനിടെ പുതുക്കിയ പട്ടികയ്ക്കെതിരെ കെ. മുരളീധരൻ എംഎൽഎ ഹൈക്കമാൻഡിനെ സമീപിച്ചു.

കൊല്ലത്തെ എഴുകോൺ ബ്ലോക്കിൽനിന്ന് പി.സി.വിഷ്ണുനാഥിന്റ പേരാണ് ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ വിഷ്ണുനാഥിനെ ഒഴിവാക്കി പകരം തന്റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉൾപ്പെടുത്തണമെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റ ആവശ്യം. പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റെ പേര് കണ്ടതോടെ കൊടിക്കുന്നിൽ പരാതിയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സമീപിച്ചു.

ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങൾക്കെതിരെ കടുത്തവിമർശനം ഉന്നയിച്ചത്. എഐസിസി സെക്രട്ടറി കൂടിയായ വിഷ്ണുനാഥിനെ ഒഴിവാക്കുന്നത് എങ്ങനെയാണന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം. ഒഴിവാക്കിയാൽ കടുത്ത നിലപാടെടുക്കുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ മുന്നറിയിപ്പ്. കൊല്ലം ഡിസിസി പ്രസിഡ‍ന്റായിരുന്നു വി. സത്യശീലനായിരുന്നു നേരത്തെ എഴുകോണിൽ നിന്നുള്ള കെപിസിസി അംഗം. അദ്ദേഹം മരിച്ച ഒഴിവിലാണ് വിഷ്ണുനാഥിനെ ഉൾപ്പെടുത്തിയത്.

പട്ടിക പുതുക്കിയപ്പോൾ വട്ടിയൂർക്കാവിലെ ഉള്ളൂർ ബ്ലോക്കിൽ ശശി തരൂർ എംപിയെ ഒഴിവാക്കി മണ്ഡലത്തിന് പുറത്തുള്ളയാളെ ഉൾപ്പെടുത്തിയതാണ് കെ. മുരളീധരന്റ അനിഷ്ടത്തിന് കാരണം. ഗ്രൂപ്പ് വീതം വയ്പ്പു നടന്നതിനാൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായി ചർച്ച ചെയ്ത് പുതിയ പട്ടിക തയാറാക്കാൻ നിർദേശം നൽകണമെന്നാണ് മുരളീധരന്റ ആവശ്യം. കൊല്ലത്തെ അഞ്ചാലുംമൂട് ബ്ലോക്കിൽ ഡിസിസി വൈസ് പ്രസിഡന്റ് സൂരജ് രവിയെ ഉൾപ്പെടുത്താത്തതാണ് വി.എം.സുധീരനെ ചൊടിപ്പിച്ചിരിക്കുന്നത്. ഡിസിസി ഭാരവാഹികളെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം.