Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവൈഎസ്പിയുടെ മരണം: കർണാടക മന്ത്രി ജോർജിനെതിരെ സിബിഐ കേസ്

KJ George മന്ത്രി കെ.ജെ.ജോർജ്

ബെംഗളൂരു∙ തൊഴിൽ പീഡനം ആരോപിച്ച് ഡിവൈഎസ്പി എം.കെ. ഗണപതി ആത്‌മഹത്യ ചെയ്ത സംഭവത്തില്‍ കർണാടക മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജിനെതിരെ സിബിഐ കേസെടുത്തു. ഇന്റലിജൻസ് എഡിജിപി: എ.എം. പ്രസാദ്, ലോകായുക്ത ഐജി പ്രണബ് മൊഹന്തി എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. രാജിവച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നു സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പ വ്യക്തമാക്കി. എന്നാൽ ജോർജ് രാജി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

മംഗളൂരു റേഞ്ച് ഐജി ഓഫിസ് ഡിവൈഎസ്പി ആയിരുന്ന ഗണപതി 2016 ജൂലൈ ഏഴിനാണു മടിക്കേരിയിലെ ലോഡ്ജിൽ ജീവനൊടുക്കിയത്. അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന കെ.ജെ. ജോർജ്, ഇന്റലിജൻസ് എഡിജിപി എ.എം. പ്രസാദ്, ലോകായുക്ത ഐജി പ്രണബ് മൊഹന്തി എന്നിവർക്കെതിരെ തൊഴിൽ പീഡനം ആരോപിച്ച് കുറിപ്പ് എഴുതിയ ശേഷമായിരുന്നു മരണം.

സംഭവത്തിൽ ഗണപതിയുടെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതി ഇടപെടലിനെത്തുടർന്നാണ് കേസ് സിബിഐയ്ക്കു വിട്ടതും ഇപ്പോൾ മൂവർക്കെതിരെയും കേസെടുക്കാൻ തീരുമാനിച്ചതും. മരണത്തിൽ ഉന്നത പൊലീസ് ഇടപെടലുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് സ്വതന്ത്ര ഏജന്‍സിക്കു വിടാൻ തീരുമാനിച്ചത്. മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നു പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചു. മൂന്നു മാസത്തിനകം ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

നേരത്തേ കേസിൽ സിഐഡി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ കെ.ജെ. ജോർജ് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ശരിവയ്ക്കും വിധമുള്ള തെളിവുകളില്ലെന്നു കാണിച്ചു 2016 സെപ്റ്റംബറിൽ സിഐഡി റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നു ബെംഗളൂരു വികസന മന്ത്രിയായി ജോർജ് മന്ത്രിസഭയിൽ തിരിച്ചെത്തുകയും ചെയ്തു. അതിനിടെയാണ് ഇപ്പോൾ കേസെടുക്കാനുള്ള സിബിഐ തീരുമാനം.