Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

Dr Punathil Kunhabdulla പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്കു ആദരാഞ്ജലി അർപ്പിക്കുന്ന എം. മുകുന്ദൻ, ഡോ. എം.എൻ. കരശ്ശേരി, നടൻ മാമ്മുകോയ. ചിത്രം: പി.എൻ. ശ്രീവൽസൻ.

കോഴിക്കോട്∙ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. 77 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിൽ രാവിലെ എട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമ ജീവിതത്തിലായിരുന്നു. ഉച്ചയ്ക്ക് 1.30 വരെ ചേവരമ്പലത്തെ മകളുടെ വീട്ടിലും രണ്ടു മുതൽ നാലു വരെ കോഴിക്കോട് ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം വൈകിട്ട് ആറിന് വടകര കാരക്കാട് ജുമാ മസ്ജിദിൽ ഖബറടക്കി.

മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 30ന് മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്തു ജനിച്ച പുനത്തിൽ കഥ, നോവൽ എന്നീ രംഗങ്ങളിൽ തന്റെ സുവർണമുദ്ര പതിപ്പിച്ചു. ‘സ്‌മാരകശിലകൾ’ എന്ന നോവലാണ് പുനത്തിൽ എന്ന എഴുത്തുകാരന്റെ നാഴികക്കല്ല്. ചെറുകഥയ്‌ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. ‘സ്‌മാരകശിലകൾ’ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

ഗവ. ബ്രണ്ണൻ കോളേജിൽനിന്നും ബിരുദം നേടിയ പുനത്തിൽ, അലിഗഡ് മുസ്‌ലിം സർവ്വകലാശാലയിൽനിന്നുമാണ് എംബിബിഎസ് നേടിയത്. 1970 മുതൽ 1973 വരെ ഗവ. സർവീസിൽ ഡോക്‌ടറായിരുന്ന പുനത്തിൽ 74 മുതൽ 1996 വരെ സ്വകാര്യ നേഴ്‌സിങ് ഹോം നടത്തിവരുകയായിരുന്നു. തുടർന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളിൽ മെഡിക്കൽ ഓഫിസറായി സേവനമനുഷ്‌ഠിച്ചു. ഏഴു നോവലെറ്റുകൾക്കു പുറമേ 250 ഓളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖനസമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്. ‘സ്‌മാരകശിലകൾ, മരുന്ന്’ എന്നീ നോവലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു.

വടക്കേ മലബാറിലെ മുസ്‌ലിം ജീവിതത്തിന്റെ പശ്‌ചാത്തലത്തിൽ രചിച്ച ‘സ്‌മാരകശിലകൾ’ അറബിക്കഥകളെ ഓർമ്മിപ്പിക്കുന്ന മായികതകൊണ്ട് ശ്രദ്ധേയമായി. ഖാൻ ബഹാദൂർ പൂക്കോയ തങ്ങൾ, പൂക്കുഞ്ഞിബി, എറമുള്ളാൻ മുക്രി തുടങ്ങിയവർ ഈ നോവലിലെ അനശ്വരകഥാപാത്രങ്ങളാണ്. അലിഗഡിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന കാലത്തെ അനുഭവങ്ങളെ മുൻനിർത്തി രചിച്ച അലിഗഡിലെ തടവുകാരൻ, മരുന്ന് എന്നിവയും സൂര്യൻ, ദുഃഖിതർക്കൊരു പൂമരം, ഖലീഫ, കന്യാവനങ്ങൾ എന്നിവയും നോവലുകളാണ്.

Punathil ചേവരമ്പലത്തെ വീട്ടിലേക്കു കൊണ്ടു വന്ന പുനത്തിലിന്റെ ഭൗതികശരീരത്തിനു മുന്നിൽ ഭാര്യയും മകളും സഹോദരിയും. ചിത്രം: അബു ഹാഷിം

കഥാകൃത്ത് സേതുവുമായിച്ചേർന്ന് ‘നവഗ്രഹങ്ങളുടെ തടവറ’ എന്ന നോവലും എഴുതിയിട്ടുണ്ട്. രതിയും ഭ്രമാത്മകതയും നിറഞ്ഞ ചെറുകഥകളാണ് പുനത്തിലിന്റേത്. കത്തി, അജ്‌ഞൻ, ആകാശത്തിന്റെ മറുപുറം, മലമുകളിലെ അബ്‌ദുള്ള, തിരഞ്ഞെടുത്ത കഥകൾ, മരിച്ചുപോയ എന്റെ അപ്പനമ്മമാർക്ക്, കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ, കൃഷ്ണന്റെ രാധ, അകമ്പടിക്കാരില്ലാതെ എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. ‘വോൾഗയിൽ മഞ്ഞു പെയ്യുന്നു’ യാത്രാവിവരണഗ്രന്ഥവും.

‘സ്‌മാരകശിലകൾ’ 1978 ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1999 ലെ മുട്ടത്തുവർക്കി സ്‌മാരക അവാർഡും ‘മരുന്നിന്’ വിശ്വദീപം പുരസ്‌കാരവും (1988) സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാർഡും (1990) ലഭിച്ചിട്ടുണ്ട്. ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979 ലെ പുരസ്‌കാരത്തിനു പുറമേ സാഹിത്യരംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി രാജീവ് ഗാന്ധി ഫൗണ്ടേഷൻ അവാർഡും (1998) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി നിർവാഹകസമിതിയംഗം (1993–1996) കേന്ദ്രസാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം (1986–1988) കോഴിക്കോട് സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗം (1984–88) എന്നീ നിലകളിലും പുനത്തില്‍ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നുതവണ സംസ്‌ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതിയിലും ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ സമിതിയിലും അംഗമായിരുന്നു. ബിജെപി സ്‌ഥാനാർഥിയായി ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്.