Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ‘നായകൻ’ ക്ഷമിച്ചു; ഫോണിൽ ‘വില്ലൻ’ പകർത്തിയ ആരാധകനെ വിട്ടയച്ചു

Villain Mohanlal

കണ്ണൂർ∙ മോഹൻലാലിന്റെ പുതിയ പടം ‘വില്ലൻ’ മൊബൈൽ ഫോണിൽ പകർത്തിയതിനു പിടിയിലായ ആരാധകനോടു ലാലേട്ടൻ ക്ഷമിച്ചു. പരാതിയില്ലെന്നു വിതരണക്കാർ എഴുതിക്കൊടുത്തതിനാൽ പൊലീസ് കേസ് ഒഴിവാക്കി. മോഹൻലാലിനോട് ആരാധന മൂത്ത് ‘വില്ലൻ’ ആദ്യഷോ  കാണാൻ അതിരാവിലെ തിയേറ്ററിലെത്തിയ ചെമ്പന്തൊട്ടി സ്വദേശിയാണു കണ്ണൂർ സവിത തിയറ്ററിൽ‍ നിന്ന് ഇന്നു രാവിലെ പിടിയിലായത്. മൊബൈലിൽ പടം പകർത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പൊലീസിൽ അറിയിക്കുകയായിരുന്നു.

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘വില്ലൻ’ സിനിമ  ഇന്നാണ് റിലീസ് ചെയ്തത്. രാവിലെ എട്ടിനു  സവിത തിയറ്ററിൽ ഫാൻസ് ഷോ ഏർപ്പാടാക്കിയിരുന്നു.  അതിനിടയിലാണു യുവാവ് ആവേശം മൂത്ത് മൊബൈലിൽ പകർത്തിയത്. വിതരണക്കാർ പൊലീസിലേൽപിച്ച യുവാവിനെ ടൗൺ സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തു.

പടത്തിന്റെ ടൈറ്റിൽ ഉൾപ്പെടെ കഷ്ടിച്ച് ഒന്നര മിനിറ്റ് ദൃശ്യങ്ങൾ മാത്രമാണു യുവാവിന്റെ മൊബൈലിൽ നിന്നു പൊലീസിനു കണ്ടെത്താനായത്. മാത്രമല്ല, മോഹൻലാലിന്റെ കടുത്ത ആരാധകനാണു യുവാവ് എന്നും പൊലീസിനു ബോധ്യപ്പെട്ടു. മോഹൻലാലിന്റെ എല്ലാ പടങ്ങളും ആദ്യദിവസം ആദ്യഷോ കാണുന്നതാണു ശീലം. അതിനു വേണ്ടി എന്തു വില കൊടുത്തും ടിക്കറ്റ് കരിഞ്ചന്തയിൽ നിന്നു വരെ വാങ്ങും. 

ടൗൺ പൊലീസ് ‘വില്ലന്റെ’ സംവിധായകനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. യുവാവു വില്ലനല്ല, ആരാധന മൂത്തതാണ് എന്നു മനസ്സിലായ സംവിധായകൻ, മോഹൻലാലിനോടും നിർമാതാവിനോടും ആലോചിച്ച ശേഷം അറിയിക്കാമെന്നു മറുപടി നൽകി. മോഹൻലാൽ തിരുവനന്തപുരത്തു സിനിമ കാണുന്ന തിരക്കിലായിരുന്നു.

തിരക്കു കഴിഞ്ഞു ലാലും സംവിധായകനും ഇക്കാര്യം സംസാരിച്ചു. തുടർന്ന്, പരാതിയില്ലെന്നു സംവിധായകൻ ടൗൺ പൊലീസിനെ അറിയിച്ചു. പരാതിയില്ലെന്നു വിതരണക്കാരുടെ കണ്ണൂരിലെ ഓഫിസിൽ നിന്നു ലെറ്റർഹെഡിൽ എഴുതി രേഖാമൂലം എത്തിക്കുകയും ചെയ്തതോടെ, കേസെടുക്കേണ്ടതില്ലെന്നു പൊലീസ് തീരുമാനിച്ചു.