Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാഖിൽ കാണാതായ ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന് വി.കെ.സിങ്

VK Singh

ന്യൂഡൽഹി∙ ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്. മൊസൂളിലും ബാദുഷിലും കാണാതായവരെക്കുറിച്ച് അനുകൂല വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷൻ ഹണ്ട് അവസാനിച്ചു. ഡിഎൻഎ പരിശോധനകൾ മാത്രമാണ് ഇവരെ കണ്ടെത്താൻ ഇനിയുള്ള മാർഗമെന്നും വി.കെ.സിങ് പറഞ്ഞു.

ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള എല്ലാ മാർഗങ്ങളും തിരച്ചിൽ സംഘങ്ങൾ ഉപയോഗിച്ചു. എന്നാൽ ഒരു വിവരവും കിട്ടിയില്ല. ഇറാഖിലെ ഇന്ത്യൻ എംബസി ഇവരെ കണ്ടെത്താനായുള്ള ശ്രമങ്ങൾ ഇനിയും തുടരും. ഇറാഖിലെയും റെഡ്ക്രോസിലെയും തലവന്മാർക്ക് കാണാതായ ഇന്ത്യക്കാരുടെ ഡിഎൻഎ സാമ്പിളുകൾ അയച്ചിട്ടുണ്ട്. അവരുടെ കൈവശമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവ പരിശോധിക്കും. മാനസികനില തെറ്റിയ ചിലർ ഇറാഖ് ജയിലിൽ കഴിയുന്നുണ്ട്. സ്വയം തിരിച്ചറിയാൻ കഴിയാത്ത ഇവരെ കണ്ടെത്താനും ഡിഎൻഎ പരിശോധന മാത്രമാണ് ബാക്കിയുള്ളത്. പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും സിങ് കൂട്ടിച്ചേർത്തു. 

2014 ലാണ് 39 ഇന്ത്യക്കാരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഐഎസ് പിടിയിൽനിന്ന് രക്ഷപെട്ട ഹർജിത് മാസിയ മറ്റുള്ളവരെ ഭീകരർ കൊലപ്പെടുത്തിയതായി പറഞ്ഞിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് സ്ഥിരീകരണമില്ല.