Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാശുണ്ടാക്കുന്ന കാര്യത്തിൽ ഡിഎംകെയും അണ്ണാ ഡിഎംകെയും ‘ഭായി ഭായി’

M K Stalin

ന്യൂ‍ഡൽഹി ∙ ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ചേർന്ന് 2015–16 കാലഘട്ടത്തിൽ 221.48 കോടി രൂപ സമ്പാദിച്ചതായി റിപ്പോർട്ട്. ഇതിൽ 110 കോടി രൂപയും ചെലവഴിച്ചിട്ടില്ലെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പ്രാദേശിക പാർട്ടി പദവി നൽകിയിട്ടുള്ള രാഷ്ട്രീയ പാർട്ടികളിൽ 32 എണ്ണത്തിന്റെ 2015–16 വർഷത്തെ വരവു ചെലവു കണക്കുകൾ ആധാരമാക്കിയാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എഡിആറിന്റെ റിപ്പോർട്ട് അനുസരിച്ച് സമ്പത്തിന്റെ കാര്യത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള പ്രാദേശിക പാർട്ടികൾ തമിഴ്നാട്ടിലാണ്. 77.63 കോടി രൂപ വരുമാനമുണ്ടാക്കിയ ഡിഎംകെയാണ് സമ്പന്ന പ്രാദേശിക പാർട്ടികളില്‍ മുന്നിൽ. 54.93 കോടി രൂപ വരുമാനമുണ്ടാക്കിയ അണ്ണാ ഡിഎംകെ തൊട്ടുപിന്നിലുണ്ട്. 15.97 കോടി രൂപയുടെ നേട്ടമുണ്ടാക്കിയ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി മൂന്നാം സ്ഥാനത്താണ്.

അതേസമയം, ആകെയുള്ള 47 പ്രാദേശിക പാർട്ടികളിൽ 15 എണ്ണം 2015–16 കാലഘട്ടത്തിലെ വരവു ചെലവു കണക്കുകൾ ഇതുവരെ തിരഞ്ഞെടുപ്പു കമ്മിഷനിൽ സമർപ്പിച്ചിട്ടില്ല. മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാർട്ടി, ലാലു പ്രസാദ് യാദവിന്റെ ആർജെഡി എന്നീ പാർട്ടികൾ ഇക്കൂട്ടത്തിലുണ്ട്.

2015–16 കാലഘട്ടത്തിൽ ഏറ്റവുമധികം പണം ചെലവഴിച്ച പ്രാദേശിക പാർട്ടികൾ ജെഡിയു (23.46 കോടി), ടിഡിപി (13.10 കോടി), ആംആദ്മി പാർട്ടി (11.09) കോടി എന്നിവയാണ്. വരവിലുമധികം പണം ചെലവഴിച്ച 14 പ്രാദേശിക പാർട്ടികളുടെ പേരും റിപ്പോർട്ടിലുണ്ട്. ജാർഖണ്ഡ് മുക്തി മോർച്ച – പ്രജാതന്ത്രിക്, ജെഡിയു, ആർഎൽഡി എന്നീ പാർട്ടികൾ അവരുടെ വരവിന്റെ ഇരട്ടിയിലധികമാണ് ഈ കാലഘട്ടത്തിൽ ചെലവഴിച്ചത്. ഡിഎംകെ. അണ്ണാഡിഎംകെ, എഐഎംഐഎം എന്നീ പാർട്ടികളാകട്ടെ, അവരുടെ വരവിന്റെ 20 ശതമാനം മാത്രമെ വിനിയോഗിച്ചിട്ടുള്ളൂ.