Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടിയേരിയുടെ ‘ആഡംബര യാത്ര’: കൊടുവള്ളിയില്‍ ഇന്ന് വിശദീകരണ യോഗം

kodiyeri-balakrishnan

കോഴിക്കോട് ∙ സ്വര്‍ണക്കടത്തുകേസ് പ്രതിയുടെ ആഡംബര കാര്‍ ജനജാഗ്രതാ യാത്രയ്ക്കായി ഉപയോഗിച്ചതില്‍ വീഴ്ച സമ്മതിച്ച സിപിഎം, വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് താമരശേരി ഏരിയ കമ്മിറ്റി യോഗം വിളിച്ചു. കൊടുവള്ളിയില്‍ രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. വിവാദം ഒഴിവാക്കേണ്ടതായിരുന്നു എന്നാണു കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ പൊതുവികാരം.

എൽഡിഎഫിന്റെ ജനജാഗ്രതാ യാത്രയുടെ വടക്കൻ മേഖലയിൽ ജാഥാക്യാപ്റ്റൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളും ഉദ്ഘാടന കേന്ദ്രമായ കാസര്‍കോട് നിന്ന് ഏര്‍പ്പെടുത്തിയതാണെന്നു നേതൃത്വം പറയുന്നു. ഈ വാഹനങ്ങളെക്കുറിച്ച് ആര്‍ക്കും പരാതിയുമില്ല. എന്നാല്‍ ചിലയിടങ്ങളില്‍ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തില്‍ ആനയിച്ചശേഷം സ്വീകരണം നല്‍കും. കൊടുവള്ളിയിലും ഇത്തരമൊരു വാഹനം തയാറാക്കിയിരുന്നു.

എന്നാല്‍, വാഹനം തകരാറായതിനെ തുടര്‍ന്നാണ് പ്രാദേശിക സംഘാടക സമിതി പകരം സംവിധാനമായാണ് ആഡംബര കാര്‍ എത്തിച്ചത്. എങ്കിലും വിവാദത്തിന് ഇടായാക്കിയേയ്ക്കാവുന്ന വാഹനം ഉപയോഗിച്ചതില്‍ പ്രാദേശിക നേതൃത്വത്തിനു ജാഗ്രതക്കുറവുണ്ടായി. കാറുമായി കോടിയേരി ബാലകൃഷ്ണനു യാതൊരു ബന്ധവുമില്ല. യാത്രയുടെ വിജയം കണ്ട് ബിജെപിയും മുസ്‍ലിം ലീഗുമാണ് പ്രചാരവേലയ്ക്ക് പിന്നിലെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലിയാണ് വിവാദം ചൂടുപിടിച്ചത്. നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കോടിയേരിയുടെ സഞ്ചാരം. കാരാട്ട് ഫൈസൽ ഹവാല കേസ് പ്രതിയാണെന്നാരോപിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു യാത്ര വിവാദമായത്.

അതേസമയം തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ടു കേസുകളൊന്നും നിലവിലില്ലെന്നായിരുന്നു വ്യവസായി കൂടിയായ ഫൈസൽ കാരാട്ടിന്റെ പ്രതികരണം. ഈ കേസിൽപ്പെട്ട മറ്റു പ്രതികൾക്കെല്ലാമെതിരെ കോഫെപോസ നിയമപ്രകാരം ഡിആർഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങൾ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു മാത്രമാണെന്നുമാണും കാരാട്ട് ഫൈസൽ പറയുന്നു.