Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികസന ഫണ്ടുകളിൽ ‘കൈ’ ഇട്ടു വാരിയത് ആര്? കോൺഗ്രസിനെ ‘കൊട്ടി’ മോദി

Modi-at-Dharmasthala പ്രധാനമന്ത്രി നരേന്ദ്ര മോദി ധർമസ്ഥലയിൽ ക്ഷേത്രസന്ദർശനത്തിന് എത്തിയപ്പോൾ. ചിത്രം: മനോരമ

മംഗളൂരു ∙ ഇന്ത്യ ഭരിച്ച വിവിധ കോൺഗ്രസ് സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. വികസനപ്രവർത്തനത്തിനായുള്ള ഫണ്ടുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് ആരുടെയും പേരെടുത്തു പറയാതെയുള്ള പ്രധാനമന്ത്രിയുടെ വിമർശനം. കേന്ദ്രസർക്കാർ സാധാരണക്കാർക്കായി അനുവദിച്ചിരുന്ന ഒരോ രൂപയും ജനങ്ങളിലേക്കെത്തുമ്പോഴേക്കും 15 പൈസയാക്കി മാറ്റിയിരുന്ന ‘കൈ’ ആരുടേതായിരുന്നെന്ന് മോദി ചോദിച്ചു.

ദക്ഷിണ കർണാടകയിലെ ക്ഷേത്രനഗരമായ ധർമസ്ഥലയിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. മംഗളൂരു വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്റർ മുഖാന്തിരമാണ് ധർമസ്ഥലയിലെത്തിയത്.  ഇവിടെ മഞ്ജുനാഥേശ്വര ക്ഷേത്രത്തിൽ പ്രാർഥിച്ച ശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നോട്ടു നിരോധനത്തോട് പ്രതിപക്ഷത്തിനുള്ള എതിർപ്പിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അഴിമതി ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രിയുടെ വിമർശനം. ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ കറൻസിരഹിതമാക്കുന്നതിൽ നിർണായക പങ്കാണ് നോട്ട് നിരോധനം വഹിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കുട്ടികൾക്ക് പണം കൂടുതലായി നൽകുന്നത് ദുരുപയോഗത്തിനു കാരണമാകുമെന്നതിനാൽ മാതാപിതാക്കൾപോലും ഇപ്പോൾ പണം കറൻസിരൂപത്തിൽ നൽകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹിയിൽനിന്നും വികസനപ്രവർത്തനങ്ങൾക്കായി അനുവദിക്കപ്പെടുന്ന പണത്തിലെ ഓരോ രൂപയും ഗ്രാമങ്ങളിലേക്കെത്തുമ്പോഴേക്കും 15 പൈസയായി കുറയുന്നു എന്ന് ഏറ്റുപറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. ഓരോ രൂപയും ജനങ്ങളിലേക്കെത്തുമ്പോൾ 15 പൈസയായി മാറിയതിനു പിന്നിൽ ഏതു ‘കൈ’കളാണ് പ്രവർത്തിച്ചിരുന്നത്? – കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു ചിഹ്നം സൂചിപ്പിച്ച് പരിഹാസത്തോടെ പ്രധാനമന്ത്രി ചോദിച്ചു.

കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ടുകളിലെ ഓരോ രൂപയും ഗ്രാമങ്ങളിലെത്തുമ്പോഴേക്കും 15 പൈസയായി കുറയുന്നതായി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതു സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമർശം.

ഇതുപോലുള്ള സർക്കാരല്ല തന്റേതെന്നും മോദി അവകാശപ്പെട്ടു. കേന്ദ്രത്തിൽനിന്നും അനുവദിക്കുന്ന ഓരോ രൂപയും പൂർണമായി ജനങ്ങളിലേക്കെത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് തന്റെ സർക്കാർ മുൻഗണന നൽകുന്നത്. അതുവഴി വികസനത്തിന്റെ ഫലങ്ങൾ അഴിമതിയിൽ മുങ്ങാതെ പൂർണമായി ജനങ്ങളിലേക്കെത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിമകാലം മുതലേ രൂപം മാറുന്നവയാണ് കറൻസികളെന്ന് മോദി പറഞ്ഞു. കൽ നാണയങ്ങളിൽനിന്ന് റബർ നാണയങ്ങളായും പിന്നീട് വെള്ളി, സ്വർണ നാണയങ്ങളായും അവ രൂപം മാറി. സ്വാഭാവികമായും പുതിയ കാലം ഡിജിറ്റൽ കറൻസിയുടേതാ‌ണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കു മാത്രം പിന്നോട്ടു മാറി നിൽക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ടവും നിരക്ഷരരും ഒട്ടേറെയുള്ള രാജ്യത്ത് ഡിജിറ്റൽ പണമിടപാട് എത്രത്തോളം സാധ്യമാകുമെന്ന ചോദ്യം വിമർശകർ ആദ്യം മുതലേ ഉയർത്തിയിരുന്നു. എന്നാൽ, ഇന്ന് എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിച്ചതായി സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് റുപേ കാർഡുകൾ വിതരണം ചെയ്തുകൊണ്ട് മോദി പറ‍ഞ്ഞു. പ്രധാന്‍മന്ത്രി ജൻധൻ യോജനയിൽ ചേർന്ന രണ്ടു സ്ത്രീകൾക്കും അദ്ദേഹം റുപേ കാർഡ് വിതരണം ചെയ്തു. ഡിജിറ്റൽ ഇന്ത്യയുടെ വിത്തു വിതയ്ക്കുകയാണ് ഇതിലൂടെ നിങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. ഭീം ആപ്പ് ഉപയോഗിക്കാൻ ജനങ്ങളെ ഉദ്ബോധിപ്പിച്ച അദ്ദേഹം പരമാവധി കറൻസിരഹിത പണമിടപാടുകൾ നടത്താനും ആവശ്യപ്പെട്ടു.

related stories