Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിൽ ഡെങ്കിപ്പനി പടരുന്നു, 40 മരണം; വ്യാജപ്രചാരണമെന്ന് മമത ബാനർജി

Mamata Banerjee

കൊൽക്കത്ത ∙ ഡെങ്കിപ്പനി പടരുന്ന ബംഗാളിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ നാൽപതിലധികം പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം, മരണക്കണക്കുകൾ വ്യാജമാണെന്ന വിശദീകരണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പനി പടരാതിരിക്കാനുള്ള കരുതൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും മമത വ്യക്തമാക്കി.

‘പനി പടരുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല. സ്ഥാപിത താൽപര്യക്കാരായ ചിലർ ഭീതി പടർത്താൻ ശ്രമിക്കുകയാണ്. ആരോഗ്യ കമ്മിഷനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർക്കുന്ന ചില കോർപറേറ്റ് കേന്ദ്രങ്ങളാണ് ഡെങ്കിപ്പനി പ്രചാരണത്തിനു പിന്നിൽ. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കും. 24 മണിക്കൂറും സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. മുഴുവൻ സമയവും ഡോക്ടർമാർ പ്രവർത്തിക്കുന്നുണ്ട്. കൊതുകു നശീകരണത്തിന് എല്ലാ മുനിസിപ്പാലിറ്റികളും പ്രത്യേക ശുചീകരണ യജ്ഞങ്ങൾ തുടങ്ങിയിട്ടുണ്ട് – മമത പറഞ്ഞു.

സെക്രട്ടേറിയറ്റിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ഡെങ്കി പിടിപെട്ട് ഇതുവരെ 13 പേർ‌ മാത്രമാണ് സർക്കാർ ആശുപത്രികളിൽ മരിച്ചത്. ഡെങ്കി, മലേറിയ, എച്ച്1എൻ1 എന്നിവ ബാധിച്ച് സ്വകാര്യ ആശുപത്രികളിൽ 27 പേർ മരിച്ചെന്ന റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ഇവ ഡെങ്കിപ്പനി മരണങ്ങളാണോ എന്ന് രക്തപരിശോധനയ്ക്കു ശേഷമേ പറയാനാവൂ– മമത വിശദീകരിച്ചു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളിൽ പനി പോലുള്ള പകർച്ചവ്യാധി മരണങ്ങൾ കുറവാണെന്നും മമത അവകാശപ്പെട്ടു. ഗുജറാത്തിൽ 435, മഹാരാഷ്ട്രയിൽ 695, രാജസ്ഥാനിൽ 230, ഉത്തർ പ്രദേശിൽ 165, മധ്യപ്രദേശിൽ 141, കേരളത്തിൽ 111 എന്നിങ്ങനെയാണ് പകർച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം. തമിഴ്നാട് (12), അസം (87), ഒഡിഷ (83) എന്നിവിടങ്ങളിലാണ് താരതമ്യേന മരണം കുറവ് – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളാണ് തനിക്ക് മുഖ്യമെന്നു വ്യക്തമാക്കിയ മമത, രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം പകർച്ചവ്യാധികളെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.