Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥിക്ക് ക്രൂര മർദനം; എസ്ഐ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Police-Brutality

കോഴിക്കോട്∙ പതിനാറുകാരനെ മര്‍ദിച്ച സംഭവത്തിൽ എസ്ഐയോട് നേരിട്ടു ഹാജരാകാന്‍ മനുഷ്യാവകാശ കമ്മിഷന്‍. കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് കമ്മിഷണര്‍ക്കും കമ്മിഷൻ നിർദേശം നൽകി. പതിനാറുകാരനെ എസ്ഐ മർദിച്ച് പരുക്കേൽപ്പിച്ചതായുള്ള പരാതിയിൽ ഡിജിപി വിശദമായ റിപ്പോർട്ട് തേടിയിരുന്നു. അർധരാത്രിയിൽ വീടിനു സമീപത്തെ വനിതാഹോസ്റ്റലിനു മുന്നിൽ എസ്ഐയെ കണ്ടപ്പോള്‍ കാര്യം തിരക്കിയതിന് ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണു പരാതി.

നടക്കാവ് പാസ്പോർട്ട് ഒാഫിസിനു സമീപത്തെ വനിതാ ഹോസ്റ്റലിനു മുന്നിലായിരുന്നു സംഭവം. അസമയത്ത് ഹോസ്റ്റൽ കവാടത്തിനു സമീപം എസ്ഐയെ കണ്ട അയൽവാസികൾ കാര്യം തിരക്കി. യൂണിഫോമിലായിരുന്ന എസ്ഐ വീട്ടുകാരോടു തട്ടിക്കയറുകയായിരുന്നു. തർക്കം മൂത്തതോടെ വിദ്യാർഥിയായ അജയിനെ എസ്ഐ മർദിക്കുകയായിരുന്നുവെന്നാണു പരാതി. കഴുത്തിനു സാരമായി പരുക്കേറ്റ അജയ് ബീച്ച് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. 

മകനെ മർദിച്ച എസ്.ഐയ്ക്കെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പ്രതിശ്രുത വധുവിനെ കാണാനെത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവച്ചെന്നാണ് എസ്ഐയുടെ വാദം.