Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനജാഗ്രതാ യാത്ര കള്ളക്കടത്ത് സ്പോൺസേർഡ് ജാഥയായി: കെ.സുരേന്ദ്രൻ

K Surendran

ആലപ്പുഴ∙ കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിൽ പുനരന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കേസിലെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ എംഎൽഎമാരായ പി.ടി.എ.റഹിം, കാരാട്ട് റസാഖ് എന്നിവരെ ചോദ്യം ചെയ്യണം. ഇക്കാര്യം ആവശ്യപ്പെട്ട് നവംബർ 15ന് കോഴിക്കോട്ട് ബഹുജന സമരം നടത്തും. ബിജെപി സംസ്ഥാന സമിതിയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊഫേപോസ നിയമ പ്രകാരം പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയ റസാഖും റഹിമും ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി. പൊലീസ് തിരയുന്ന പ്രതികളെ സന്ദര്‍ശിച്ചതും അവരെ ഇനിയും കാണുമെന്നു പറയുന്നതും ധിക്കാരമാണ്. ഭൂപരിധി നിയമം മറികടന്ന് നൂറുകണക്കിന് ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്ന പി.വി.അൻവറിനെതിരെ കേസെടുക്കണം. മാഫിയകളേയും കള്ളക്കടത്തുകാരേയും സംരക്ഷിക്കുന്ന ഇടതുമുന്നണിയുടെ രാഷ്ട്രീയ നിലപാടാണ് ഇവരുടെ ധാർഷ്ട്യത്തിനു കാരണം.

ഇടതുമുന്നണി നടത്തുന്ന ജനജാഗ്രതാ യാത്ര കള്ളക്കടത്ത് സ്പോൺസേർഡ് ജാഥയായി മാറി. നിയമലംഘടനം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി ഒരുക്കിയ രക്ഷാകവചത്തിലാണ് അദ്ദേഹം. തോമസ് ചാണ്ടിക്ക് അഴിമതി നടത്താൻ ഇരുമുന്നണികളും ഒത്താശ ചെയ്തിട്ടുണ്ട്. തോമസ് ചാണ്ടി രാജി വയ്ക്കുംവരെ ബിജെപി പ്രക്ഷോഭം തുടരും. ആലപ്പുഴയിൽ നടത്തിവരുന്ന സമരം തിരുവനന്തപുരത്തേക്കു വ്യാപിപ്പിക്കും. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നവംബർ 13ന് സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കും.

സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്‍റെ രണ്ടാം ഘട്ടമാണ്. റിപ്പോർട്ട് കിട്ടിയപ്പോൾ ദ്രുതഗതിയിൽ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോൾ മൗനം പാലിക്കുന്നതു ദുരൂഹമാണ്. യുഡിഎഫ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ നിന്ന് ആരാണ് മുഖ്യമന്ത്രിയെ വിലക്കുന്നതെന്നു പറയണം. സിപിഎം സ്വീകരിക്കാൻ പോകുന്ന പുതിയ രാഷ്ട്രീയ നിലപാടിന്‍റെ ഫലമാണോയെന്ന് വിശദീകരിക്കണം. പൊളിറ്റ്‍ബ്യുറോയിൽനിന്ന് ഇക്കാര്യത്തിൽ വിലക്കുണ്ടോയെന്നു സംശയമുണ്ട്.

ജിഹാദി ഭീകരരെപ്പറ്റി ബിജെപി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നു സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. സിപിഎം ശക്തികേന്ദ്രങ്ങൾ ജിഹാദി ഭീകരരുടെ താവളമായി മാറി. സിപിഎം തണലിലാണു ജിഹാദി ഭീകരർ വളരുന്നത്. തീവ്രവാദികൾക്കു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന രാഷ്ട്രീയ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

നവംബർ എട്ട് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാൻ പാർട്ടി തീരുമാനിച്ചു. ജനരക്ഷായാത്ര വൻ വിജയമായതായി സംസ്ഥാന സമിതിയോഗം വിലയിരുത്തി. സംസ്ഥാന വക്താവ് എം.എസ്.കുമാർ, ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ എന്നിവരും പങ്കെടുത്തു.

related stories