Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോക്കിങ്ങിന്റെ ഗവേഷണ പ്രബന്ധം തിരഞ്ഞെത്തിയത് 20 ലക്ഷത്തിലേറെ പേർ

Stephen-Hawking

ലണ്ടൻ∙ ലോകപ്രശസ്ത ഊർജതന്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധം കേംബ്രിഡ്ജ് സർവകലാശാലയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു ദിവസങ്ങൾക്കുള്ളിൽ ഇതു തേടിയെത്തിയവരുടെ എണ്ണം 20 ലക്ഷം കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ദിവസവും ആയിരക്കണക്കിനാളുകളാണ് പ്രപഞ്ച രഹസ്യങ്ങളുടെ പൊരുൾതേടിയുള്ള പഠനങ്ങളുടെ ഭാഗമായി ഹോക്കിങ്ങിന്റെ കണ്ടെത്തലുകളറിയാൻ പരതുന്നത്. കേംബ്രിഡ്ജ് സർവകലാശാലയുടെ വെബ്സൈറ്റിലെ പബ്ലിക്കേഷൻസ് സെക്‌ഷനിലാണ് 1966ൽ ഹോക്കിങ് എഴുതിയ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച ഇതു പ്രസിദ്ധീകരിച്ചയുടൻ സന്ദർശകരുടെ ബാഹുല്യം മൂലം വെബ്സൈറ്റ് ഏറെനേരം നിശ്ചലമായി.

‘പ്രോപ്പർട്ടീസ് ഓഫ് എക്സ്പാൻഡിങ് യൂണിവേഴ്സ്’ എന്ന പ്രബന്ധം തേടിയെത്തിയവരിൽ അമ്പതിനായിരത്തിലേറപ്പേർ ഇതിനോടകം ഇതു ഡൗൺലോഡ് ചെയ്തെടുക്കുകയും ചെയ്തു. സർവകലാശാലയുടെ ചരിത്രത്തിലെ റെക്കോർഡാണിത്. ഇതിനുമുമ്പ് ഒരിക്കലും ഏതെങ്കിലും ഒരു പ്രബന്ധമോ മറ്റു പഠനരേഖകളോ തേടി ആളുകൾ ഇങ്ങനെയെത്തിയിട്ടില്ലെന്നു സർവകലാശാല അധികൃതർ വ്യക്തമാക്കി.

കേംബ്രിഡ്ജ് സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെ 24–ാം വയസിലാണ് സ്റ്റീഫൻ ഹോക്കിങ് 134 പേജുള്ള ഈ പ്രബന്ധം എഴുതിയത്. 1962 മുതൽ വിദ്യാർഥിയായും പിന്നീടു പ്രഫസറായും കേംബ്രിഡ്ജിൽ പ്രവർത്തിച്ച അദ്ദേഹം ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച ശാസ്ത്രപുസ്തകത്തിന്റെ രചനയ്ക്കായി അൽപകാലം വിട്ടുനിന്നെങ്കിലും ഇപ്പോഴും ഇവിടെ വിസിറ്റിങ് പ്രഫസറാണ്.

നേരത്തെ ഹോക്കിങ്ങിന്റെ പ്രബന്ധം വായിക്കാനോ പകർത്താനോ സർവകലാശാല ലൈബ്രറി 65 പൗണ്ട് ഈടാക്കിയിരുന്നു.

1942 ജനുവരി എട്ടിന് ഓക്സ്ഫഡിൽ ജനിച്ച സ്റ്റീഫൻ ഹോക്കിങ് ‘മോട്ടോർ ന്യൂറോൺ ഡിസീസ്’ എന്ന രോഗത്തെ അതിജീവിച്ചു വീൽചെയറിലാണു തന്റെ ജീവിതം തള്ളിനീക്കുന്നത്. ശാരീരിക വൈകല്യങ്ങളെ വകവയ്ക്കാതെ പ്രപഞ്ചത്തിന്റെ പൊരുൾതേടിയിറങ്ങിയ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ജ്യോതിശാസ്ത്രത്തിനു നൽകിയ സംഭാവനകളുടെ പുറംപറ്റിയാണു പിന്നീട് ഇതുസംബന്ധിച്ച കണ്ടെത്തലുകൾ പലതും ഉണ്ടായത്.