Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധി വധക്കേസ് പുനരന്വേഷണത്തിനെതിരെ തുഷാർ ഗാന്ധി സുപ്രീംകോടതിയിൽ

Mohandas Karamchand Gandhi

ന്യൂഡൽഹി∙ മഹാത്മാ ഗാന്ധി വധക്കേസ് വീണ്ടും അന്വേഷിക്കുന്നതിനെതിരെ ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. 70 വർഷങ്ങൾക്കുശേഷം കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹർജിയെത്തുടർന്നാണ് തുഷാർ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ഹർജി നൽകിയതിലൂടെ തുഷാർ ഗാന്ധി ഉദ്ദേശിക്കുന്നത് എന്തെന്നും കോടതി ആരാഞ്ഞു. കക്ഷികൾക്കു നോട്ടിസ് അയയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോൾ തുഷാറിന്റെ നിലപാട് അറിയിക്കാമെന്നു ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്സിങ് അറിയിച്ചു.

എന്നാൽ, കേസിനെക്കുറിച്ച് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ പ്രതികരിക്കാമെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എം.എം. ശാന്തനഗൗഡർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. നാഷനൽ ആർക്കൈവ്‌സിൽനിന്ന് ആവശ്യമായ രേഖകൾ ലഭിക്കാൻ കാലതാമസമുണ്ടെന്നും നാലാഴ്ചത്തെ സാവകാശം അനുവദിക്കണമെന്നും അമിക്കസ് ക്യൂറി അമരേന്ദർ ഷാരൺ അറിയിച്ചു. കേസിൽ ഒക്ടോബർ ആറിനാണ് ഷാരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.

മുംബൈ സ്വദേശിയായ പങ്കജ് ഫഡ്നിസാണ് ഗാന്ധിജിയുടെ വധക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ‘മൂടിവയ്പ്പാണ്’ ഈ കേസെന്ന് അവകാശപ്പെട്ടാണ് പങ്കജ് പുനരന്വേഷണം ആവശ്യപ്പെട്ടത്. നേരത്തേ ബോംബെ ഹൈക്കോടതി പങ്കജിന്റെ ഹർജി തള്ളിയിരുന്നു. അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റീ ആയ പങ്കജിന്റെ ലക്ഷ്യത്തെയും ഇന്ദിരാ ജയ്സിങ് ചോദ്യം ചെയ്തു.

നാഥുറാം ഗോഡ്സെയെയും നാരായൺ ആപ്തെയെയും തൂക്കിലേക്കിയ കേസിൽ തെളിവുകൾ ഇനി എങ്ങനെ കണ്ടെത്തുമെന്നും മറ്റും കോടതി ചോദിച്ചു. 1949 നവംബർ 15നാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. തെളിവില്ലാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി വിനായക് ദാമോദർ സവർക്കറെ വിട്ടയയ്ക്കുകയുമായിരുന്നു കോടതി ചെയ്തത്. 1948 ജനുവരി 30നായിരുന്നു നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് മഹാത്മാ ഗാന്ധി മരിച്ചത്.

related stories