Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നാലു വിദ്യാര്‍ഥികള്‍ മരിച്ചു

Chennai Rain ചെന്നൈയിലെലെ മഴക്കാഴ്ച. (ചിത്രം: ട്വിറ്റർ)

ചെന്നൈ∙ തമിഴ്നാട്ടില്‍ മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നാലു വിദ്യാര്‍ഥികള്‍ മരിച്ചു. ചെന്നൈ അനകാപുത്തൂരില്‍ ഇടിമിന്നലേറ്റു രണ്ട് ആണ്‍കുട്ടികളും കൊടുങ്ങയ്യൂരില്‍ പൊട്ടിവീണ വൈദ്യതി ലൈനില്‍നിന്നു ഷോക്കേറ്റു രണ്ടു പെണ്‍കുട്ടികളുമാണു മരിച്ചത്. അതേസമയം, കാലവര്‍ഷ കെടുതിയില്‍ മരിച്ചവരുടെ എണ്ണം 11 ആയി.

വടക്കുകിഴക്കന്‍ കാലവര്‍ഷത്തിന് ഇന്നലെ നേരിയ ശമനമുണ്ടായെങ്കിലും ഇന്നു വീണ്ടും ചെറുതും വലുതുമായ മഴ പെയ്യുകയാണ്. ചെന്നൈയിലെ വിവിധ ഭാഗങ്ങളിലുള്ള വെള്ളക്കെട്ടു ജനജീവിതം ദുസഹമാക്കി. അനകാപുത്തൂരില്‍ വീടിന്‍റെ ടെറസിലിരുന്നു പഠിക്കുകയായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ ഇടിമിന്നലേറ്റു മരിച്ചു. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ വഴിയാണ് അപകടമുണ്ടായതെന്നാണു പൊലീസ് നിഗമനം.

കൊടുങ്ങയ്യൂരില്‍ പൊട്ടിവീണ വൈദ്യതി ലൈനില്‍നിന്നു ഷോക്കേറ്റാണ് കളിച്ചുകൊണ്ടിരുന്ന എട്ടും ഒന്‍പതും വയസുള്ള പെണ്‍കുട്ടികള്‍ മരിച്ചത്. ചിലയിടങ്ങളില്‍ വൈദ്യുതിയില്ല. നുങ്കമ്പാക്കത്തു മരം പൊട്ടിവീണു മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ഒന്നിടവിട്ടും മറ്റു തീരദേശ ജില്ലകളില്‍ തുടര്‍ച്ചയായും മഴ തുടരും.