Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎന്‍എ പിളര്‍ത്തി നഴ്സുമാരുടെ സംഘടന രൂപീകരിക്കാൻ സിപിഎം നീക്കം

nurses-association-una-logo

തിരുവനന്തപുരം∙ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പിളർത്തി സ്വകാര്യ നഴ്സുമാരുടെ സംഘടന രൂപീകരിക്കാൻ സിപിഎം. സിഐടിയുവിന്റെ നേതൃത്തിലുള്ള പുതിയ സംഘടനയുടെ രൂപീകരണ യോഗം നവംബർ ഏഴിനു തൃശൂരിൽ നടക്കും. യുഎൻഎയിൽനിന്ന് അംഗങ്ങളെ അടർത്തിയെടുക്കണമെന്നും സിഐടിയുവിനു പാര്‍ട്ടി നിർദേശം നൽകി.

വിവിധ ആവശ്യങ്ങളുന്നയിച്ചു പലവട്ടം നഴ്സുമാർ ഒറ്റക്കെട്ടായി വൻസമരങ്ങൾ നടത്തിയെങ്കിലും സിപിഎം അടക്കം രാഷ്ട്രീയ പാർട്ടികൾക്കൊന്നും സ്വകാര്യ ആശുപത്രി നഴ്സുമാർക്കിടയിൽ സംഘടനയോ സ്വാധീനമോയില്ല. യുഎൻഎയും അവരിൽനിന്നു പിളർന്നു രൂപപ്പെട്ട ഇന്ത്യൻ നഴ്സസ് അസോസിയേഷനുമാണു പ്രബല യൂണിയനുകൾ. ഇരൂകൂട്ടരോടും സിഐടിയുവിൽ അഫിലിയേഷനെടുക്കാൻ സിപിഎം നിർദേശിച്ചിരുന്നെങ്കിലും നഴ്സുമാർ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിഐ·ടിയു വഴി ഇവർക്കിടയിൽ വളർന്നു കയറി നഴ്സുമാരിൽ സ്വാധീനം ഉറപ്പിക്കാൻ സിപിഎം ശ്രമിക്കുന്നത്.

നവംബർ ഏഴിന് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ചു സംഘടനാ രൂപീകരണയോഗം നടക്കും. സിഐടിയു ജനറൽ സെക്രട്ടറിയും സിപിഎം കേന്ദ്രകമ്മിറ്റിംയംഗവുമായ എളമരം കരീമിനാണു മുഖ്യചുമതല. സർക്കാർ ആശുപത്രി നഴ്സുമാരുടെ സംഘടനയായ കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷനെയാണു നഴ്സുമാരെ കൂട്ടാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. യുഎൻഎയിൽനിന്ന് നഴ്സുമാരെ അടർത്തിയെടുക്കാൻ ബുദ്ധിമുട്ടാണെങ്കിലും ആ റിസ്ക് ഏറ്റെടുക്കണമെന്നാണ് കെജിഎൻഎയ്ക്കു സിഐ·ടിയു നൽകിയിരിക്കുന്ന നിർദേശം. ടിഎയും ഡിഎയും നൽകി എല്ലാ ജില്ലയിൽനിന്നും നഴ്സുമാരെ എത്തിക്കണമെന്നും നിർദേശിക്കുന്നു.