Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിനെ കാണില്ലെന്ന് ജിഗ്നേഷ് മെവാനി; ഗുജറാത്തിൽ വിശാലസഖ്യം ത്രിശങ്കുവിൽ

Rahul Gandhi, Jignesh Mevani

അഹമ്മദാബാദ്∙ ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നില്ലെന്ന് ദലിത് നേതാവ് ജിഗ്നേഷ് മെവാനി. ഫെയ്സ്ബുക് പോസ്റ്റിലാണ് ജിഗ്നേഷ് നിലപാടു വ്യക്തമാക്കിയത്. താൻ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാൽ തന്നെ അതു ദലിത് വിഭാഗത്തിന്റെ പ്രശ്നങ്ങളിലെ കോൺഗ്രസ് നിലപാടറിയാൻ വേണ്ടിയായിരിക്കും. അല്ലാതെ സ്വന്തം താൽപര്യങ്ങൾക്കു വേണ്ടിയല്ലെന്നും ജിഗ്നേഷ് കൂട്ടിച്ചേർത്തു.

അതിനിടെ, രാഹുൽ ഗാന്ധി ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനിടെ ജിഗ്നേഷുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകുന്നില്ലെന്ന് മെവാനി മുൻപും പറഞ്ഞിരുന്നു. ബിജെപിയെ താഴെയിറക്കാൻ ആവശ്യമായത് ചെയ്യും. ഇന്നയാളുകൾക്കു വോട്ടു ചെയ്യാൻ താൻ ആരോടും ആഹ്വാനം ചെയ്യില്ല. എന്നാൽ ഭരണഘടനാ വിരുദ്ധമായ, ദലിത്, പട്ടിദാർ, കർഷക വിരുദ്ധരായ ബിജെപിയെ തകർക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും മെവാനി വ്യക്തമാക്കിയിരുന്നു.

ഗുജറാത്തിൽ ബിജെപിക്കെതിരെ ചെറുപാർട്ടികളെ അണിനിരത്തി വിശാല സഖ്യം രൂപീകരിക്കുന്നതിനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. ഇതിനായി പട്ടേൽ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാർദിക് പട്ടേൽ, ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മെവാനി, പിന്നാക്ക – ദലിത് –ആദിവാസി ഐക്യവേദി നേതാവ് അൽപേഷ് താക്കൂർ എന്നിവരെ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ കോൺഗ്രസ് ക്ഷണിച്ചിരുന്നു. ഹാർദിക് പട്ടേലും കോൺഗ്രസിന്റെ ക്ഷണം നേരത്തെ നിരസിച്ചിരുന്നു. എന്നാൽ ക്ഷണം സ്വീകരിച്ച അൽപേഷ് ഠാക്കൂർ കോൺഗ്രസിൽ ചേർന്നു.