Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാവികസേനയ്ക്ക് പുതുതായി 111 ഹെലികോപ്റ്ററുകൾ; 95 എണ്ണം ഇന്ത്യയിൽ നിർമിക്കും

Dhruv Helicopter

ന്യൂഡൽഹി∙ നാവികസേനയ്ക്ക് പുതുതായി 111 ഹെലികോപ്റ്ററുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം. 21,738 കോടി ചിലവുവരുന്ന പദ്ധതിക്ക് പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ ആർജിത സമിതി (ഡിഎസി) അനുമതി നൽകി. 95 ഹെലിക്കോപ്റ്ററുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനാണ് തീരുമാനം. 16 എണ്ണം വാങ്ങും. തന്ത്രപരമായ പങ്കാളിത്ത മാതൃകയിലൂടെയാകും ഇവയുടെ നിർമാണം. 

ഇതിനായി ഒരു വിദേശ ഹെലികോപ്റ്റർ നിർമാതാവിനെയും ഇന്ത്യൻ‍ പ്രതിരോധ കമ്പനിയെയും കണ്ടെത്താനുള്ള ശ്രമം സർക്കാർ ആരംഭിച്ചു. അന്തർവാഹിനികൾ, യുദ്ധ വിമാനങ്ങൾ തുടങ്ങിയവ വിദേശകമ്പനികളുടെ സഹായത്തോടെ ഇന്ത്യയിൽ നിർമിക്കുന്നതിനായി മേയിൽ കേന്ദ്രസർക്കാർ തന്ത്രപരമായ പങ്കാളിത്ത മാതൃകയ്ക്കു തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതിക്കു കീഴിൽ കൊണ്ടുവരുന്ന ആദ്യസംരംഭമാണ് ഹെലിക്കോപ്റ്റർ നിർമാണം.