Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചവറ അപകടം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും

Pinarayi Vijayan

തിരുവനന്തപുരം∙ ചവറ കെഎംഎംഎല്ലിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താൻ മന്ത്രിസഭാ തീരുമാനം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നൽകും. ചവറ അപകടത്തിൽ മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നൽകാനും തീരുമാനമായി.

കഴിഞ്ഞദിവസം ചവറയിലെ കെഎംഎംഎല്ലിൽ (കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡ്) ഇരുമ്പുപാലം തകര്‍ന്നു മൂന്നു പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മരിച്ച കെഎംഎംഎല്‍ ജീവനക്കാരായ ശ്യാമളാദേവി, ആഞ്ജലീന, അന്നമ്മ എന്നിവരുടെ ആശ്രിതര്‍ക്കു 10 ലക്ഷം രൂപ വീതം കമ്പനി ധനസഹായം നല്‍കണം. നിയമാനുസൃതമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കു പുറമെയാണിത്. മരിച്ചവരുടെ ആശ്രിതര്‍ക്കു സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നു കമ്പനിയോടു നിര്‍ദേശിക്കും.

പരുക്കേറ്റു കഴിയുന്ന 32 ജീവനക്കാരുടെ ചികിൽസാചെലവു പൂര്‍ണമായും കമ്പനി വഹിക്കണം. തകര്‍ന്ന പാലം റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്‍റ് കോര്‍പറേഷന്‍റെ സാങ്കേതിക സഹായത്തോടെ പുനര്‍നിര്‍മിക്കണം. അപകടത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെ ചുമതലപ്പെടുത്തി. സാങ്കേതിക വിദഗ്ധര്‍ കൂടി ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുക.

മന്ത്രിസഭയുടെ മറ്റ് തീരുമാനങ്ങൾ:

∙ 1993 ബാച്ചിലെ ഉഷ ടൈറ്റസ്, കെ.ആര്‍. ജ്യോതിലാല്‍, പുനീത് കുമാര്‍, ഡോ. ദേവേന്ദ്രകുമാര്‍ ദൊധാവത്ത്, ഡോ. രാജന്‍ ഖോബ്രാഗഡെ എന്നിവര്‍ക്കു പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനുളള ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്കു നിയമനം നല്‍കും.

∙ ദേഹത്ത് മരം വീണു നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു കിടപ്പിലായ മുന്‍ വടക്കേ വയനാട് എംഎല്‍എ കെ.സി. കുഞ്ഞിരാമന്‍റെ ചികിത്സാചെലവിന് അഞ്ചു ലക്ഷം അനുവദിച്ചു.

∙ മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ കാസര്‍കോട് മഹിളാമന്ദിരത്തില്‍ കഴിയുന്ന ദിവ്യയ്ക്കു പരപ്പ അഡീഷനല്‍ ഐസിഡിഎസില്‍ പാര്‍ട് ടൈം സ്വീപ്പറായി നിയമനം

∙ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണത്തിന്‍റെ ആനുകൂല്യം നൽകും

∙ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നു വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കും

∙ കണ്ണൂര്‍ ജില്ലയിലെ പടിയൂരില്‍ പുതിയ ഐടിഐ ആരംഭിക്കും. ഫിറ്റര്‍ ട്രേഡിന്‍റെ രണ്ടു യൂണിറ്റുകളാണ് ഇവിടെ ആരംഭിക്കുക.

∙ പിണറായി ഗവ. ഐടിഐയില്‍ എട്ട് തസ്തികകള്‍ അധികമായി സൃഷ്ടിക്കും

∙ ഭവന നിര്‍മാണ ബോര്‍ഡിന്‍റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2018 മാര്‍ച്ച് 31 വരെ നീട്ടി

∙ ഹൈക്കോടതിയിലെ 38 ഓഫിസ് അസിസ്റ്റന്‍റ് തസ്തികകള്‍ സേവക് തസ്തികകളാക്കി മാറ്റും. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പടെ 20330 രൂപയായിരിക്കും വേതനം

related stories