Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് ട്രേഡ് സെന്ററിനു സമീപം നടന്നത് ഭീകരാക്രമണം; എട്ടു മരണം

New York attack ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീക്ക് പ്രഥമശുശ്രൂഷ നൽകുന്ന രക്ഷാപ്രവർത്തകർ.

ന്യൂയോർക്ക്∙ യുഎസിലെ മ‌ൻഹാറ്റനിൽ വെസ്റ്റ് സൈഡ് ഹൈവേയിൽ കാൽനടക്കാർക്കും സൈക്കിൾ യാത്രികർക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റി എട്ടുപേരെ കൊലപ്പെടുത്തി. പതിനഞ്ചോളം പേർ ഗുരുതര പരുക്കുകളോടെ ചികിൽസയിലാണ്. പ്രാദേശിക സമയം വൈകിട്ടു 3.15ന് ആയിരുന്നു സംഭവം. വേൾഡ് ട്രേ‍ഡ് സെന്റർ സ്മാരകത്തിനു സമീപമുണ്ടായതു ഭീകരാക്രമണമാണെന്നാണു പ്രാഥമിക നിഗമനം. ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പതാകയും ലേഖനങ്ങളും ട്രക്കില്‍നിന്നു പൊലീസ് കണ്ടെടുത്തെന്നാണു റിപ്പോർട്ട്.

വാഹനത്തിൽനിന്നു പുറത്തിറങ്ങിയ അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തിയശേഷം കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. സെയ്ഫുള്ള സയ്പോവ്(29) എന്ന ഉസ്ബക്കിസ്ഥാൻ കുടിയേറ്റക്കാരനാണ് ആക്രമണം നടത്തിയത്. 2010ലാണ് ഇയാൾ യുഎസിൽ എത്തിയത്. ഫ്ലോറിഡയിലെ ഡ്രൈവർ ലൈസൻസുള്ള സയ്പോവ് ന്യൂ ജഴ്സിയിലായിരുന്നു താമസം. ട്രക്ക് കമ്പനി സ്വന്തമായുള്ള ഇയാൾ ടാക്സി ഡ്രൈവറായും ജോലി നോക്കിയിരുന്നു.

ഇയാളുടെ കയ്യിൽനിന്നു രണ്ടു തോക്കുകൾ കണ്ടെടുത്തു. ഇവ കളിത്തോക്കുകളാണെന്നാണു സൂചന. വാടകയ്ക്കെടുത്ത വാനുമായി എത്തിയ അക്രമി തിരക്കുള്ള സൈക്കിൾപാതയിലേക്കു വാഹനമോടിച്ചു കയറ്റുകയായിരുന്നു. സൈക്കിളുകൾ ഇടിച്ചു തെറിപ്പിച്ച വാൻ ഒരു സ്കൂൾ ബസിലും ഇടിച്ചു. സംഭവം ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

മരിച്ചവരിൽ അർജന്റീനക്കാരും ഉൾപ്പെട്ടതായി അർജന്റീനയുടെ വിദേശകാര്യ മന്ത്രി പറഞ്ഞു. ലോവർ മാൻഹാറ്റനിൽ ഹഡ്സൻ നദിയോടു ചേർന്നുള്ള തെരുവുകൾ പൊലീസ് അടച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ട്രക്ക് പരിശോധിച്ചു. സ്ഫോടക വസ്തുക്കളൊന്നും കിട്ടിയില്ല. നടന്നതു ഭീകരാക്രമണം ആണെന്നു മേയർ ബിൽ ഡെ ബ്ലാസിയോ സ്ഥിരീകരിച്ചു. അമേരിക്കയിൽ ഐഎസിന്റെ വേരുകള്‍ അറുത്തുമാറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ഐഎസിനെ യുഎസ് മണ്ണില്‍നിന്നു തുടച്ചു നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂയോർക്കിൽ അടക്കം ലോകത്തെ മുഖ്യ നഗരങ്ങളിലെല്ലാം അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനത്തിൽ എത്തി സമാന ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ അടുത്തകാലത്തായി ഐഎസ് ഭീകരർ വാഹനങ്ങൾ കയറ്റി ആക്രമണങ്ങൾ നടത്തിയിരുന്നു.