Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സാമാജികരിൽ 87 ക്രിമിനൽ കേസ് പ്രതികൾ; കോടിപതികൾ 61

Kerala Assembly

തിരുവനന്തപുരം∙ സംസ്ഥാന നിയമസഭയിലെ 140ൽ 87 എംഎൽഎമാരും ക്രിമിനൽ കേസ് പ്രതികളാണെന്നു റിപ്പോർട്ട്. ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ കോടതികൾ സ്ഥാപിച്ചു വിചാരണ നടത്തണമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോർട്ട് ശ്രദ്ധേയമാകുന്നത്. നിയമസഭാ സാമാജികരിലെ 62% പേരാണ് ക്രിമിനൽ കേസുകളിൽ പെട്ടിരിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മുലങ്ങളിൽനിന്നാണു സംഘടന ഈ വിവരങ്ങൾ കണ്ടെത്തിയത്.

87ൽ 27 എംഎൽഎമാർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ചോ അതിലധികമോ വർഷം ശിക്ഷ ലഭിക്കാവുന്നവ, ജാമ്യമില്ലാ കുറ്റം, തിരഞ്ഞെടുപ്പു ക്രമക്കേട്, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയവയാണു ഗുരുതര കുറ്റകൃത്യങ്ങളിൽപ്പെടുന്നത്. കഴിഞ്ഞ നിയമസഭയെക്കാൾ ഈ സഭയിലാണു ക്രിമിനൽ കേസുകളിൽപെട്ടവർ കൂടുതൽ. 2011ൽ 67 എംഎൽഎമാർക്കെതിരെയായിരുന്നു ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നത്. ആകെ നിയമസഭാംഗങ്ങളുടെ 48% വരുമത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത എംഎൽഎമാർ 2011ൽ 12 ശതമാനമായിരുന്നെങ്കിൽ ഇത്തവണ അത് 19 ശതമാനമാണ്.

കൊലപാതക, കൊലപാതകശ്രമ കേസുകളിൽ ഏഴ് എംഎൽഎമാർ പെട്ടിട്ടുണ്ട്. രണ്ടുപേർക്കെതിരെയാണ് കൊലപാതക കുറ്റത്തിനു കേസെടുത്തിരിക്കുന്നത്. അഞ്ചുപേർക്കെതിരെ കൊലപാതകശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സിപിഎമ്മിന്റെ എംഎൽഎമാരാണ് ഇവരെല്ലാം. 59 സിപിഎം എംഎൽഎമാരിൽ 53 പേരും ക്രിമിനൽ കേസുകൾ നേരിടുന്നുണ്ട്. 19 എംഎൽഎമാരുള്ള സിപിഐയുടെ 12 പേർക്കെതിരെയാണ് ക്രിമിനൽ കേസുകൾ ഉള്ളത്. 22 എംഎൽഎമാരുള്ള കോൺഗ്രസിന്റെ ഒൻപതു പേരും 18 എംഎൽഎമാരുള്ള മുസ്‌ലിം ലീഗിന്റെ നാലുപേരും ആറു സ്വതന്ത്ര എംഎൽഎമാരിൽ നാലു പേരും ക്രിമിനൽ കേസുകളിൽപ്പെട്ടിട്ടുണ്ട്.

ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത എംഎൽഎമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം സിപിഎമ്മിനാണ്. 17 എംഎൽഎമാർക്കെതിരെയാണ് ഗുരുതര ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത്. അഞ്ച് എംഎൽഎമാരുമായി കോൺഗ്രസ് രണ്ടാം സ്ഥാനത്തും മൂന്ന് എംഎൽഎമാരുമായി സിപിഐ മൂന്നാം സ്ഥാനത്തുമുണ്ട്.

‘കോടിപതി’ എംഎൽഎമാർ

2011 നിയമസഭയെ വച്ചുനോക്കുമ്പോൾ ഈ സഭയിൽ കോടിപതികളായ എംഎൽഎമാരുടെ എണ്ണം വർധിച്ചു. 35 എംഎൽഎമാരാണ് കഴിഞ്ഞ സഭയിൽ കോടിപതികളായിരുന്നത്. ഇത്തവണ അതു 61 ആയി. ഗതാഗത മന്ത്രി തോമസ് ചാണ്ടിയാണ് സഭാംഗങ്ങളിലെ ഏറ്റവും ധനികൻ. 92 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. സിപിഎമ്മിൽ 15, ലീഗിന്റെ 14, കോൺഗ്രസിന്റെ 13 എംഎൽഎമാരും കോടിപതികളാണ്.

related stories