Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് വധം: ഉദയഭാനുവിനോട് 20 മണിക്കൂറിൽ 120 ചോദ്യങ്ങളുതിർത്ത് പൊലീസ്

Adv CP Udayabhanu

ചാലക്കുടി ∙ പരിയാരത്തു ഭൂമി ദല്ലാൾ രാജീവ് കൊല്ലപ്പെട്ട കേസിൽ പ്രമുഖ അഭിഭാഷകൻ സി.പി. ഉദയഭാനു അറസ്റ്റിലായ ശേഷം 20 മണിക്കൂറിനുള്ളിൽ അന്വേഷണസംഘം ചോദിച്ചത് 120 ചോദ്യങ്ങൾ. കുറ്റമേൽക്കാതെ കൗശലത്തോടെ ഒഴിഞ്ഞുമാറിയ അഭിഭാഷകൻ, നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. ഉദയഭാനുവിനെ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ഇദ്ദേഹം ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുണ്ടെന്നാണു റിമാൻഡ് റിപ്പോർട്ട്.

ഐപിസി 120 ബി വകുപ്പ് പ്രകാരം ക്രിമിനൽ ഗൂഢാലോചനാക്കുറ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. രണ്ടു വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള വകുപ്പാണിത്. രാജീവിന്റെ കൊലപാതക ദിവസം മുഖ്യപ്രതി ചക്കര ജോണിയെയും കൂട്ടാളി പൈനാടത്ത് രഞ്ജിത്തിനെയും 28 തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന കാര്യം ഉദയഭാനു സമ്മതിച്ചു. എന്നാൽ, കുറ്റകൃത്യത്തിൽ പങ്ക‍ില്ല. പ്രതികൾക്കു നിയമോപദേശം നൽകുക മാത്രമാണ് ചെയ്തത്. രാജീവ് തനിക്ക് പതിനൊന്നര ലക്ഷം രൂപ തരാനുണ്ടെന്നും ഇക്കാര്യത്തിൽ രാജീവിനെതിരെ പരാതി നൽകിയിരുന്നതായും പറഞ്ഞു. രാജീവ് കൊല്ലപ്പെട്ടത് ആദ്യ നാലു പ്രതികളുടെ കയ്യബദ്ധം മൂലമാണെന്നു ഉദയഭാനു വെളിപ്പെടുത്തിയതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

ബുധനാഴ്ച രാത്രി 11.20നാണ് ഉദയഭാനുവിനെ ചാലക്കുടി സിഐ ഓഫിസിൽ എത്തിച്ചത്. അർധരാത്രിക്കു ശേഷവും ചോദ്യങ്ങൾ‌ നീണ്ടു. രാത്രി മുഴുവൻ പൊലീസ് കാവലിൽ ഉറങ്ങാതെ കഴിച്ചുകൂട്ടി. വൈകിട്ട് അ‍ഞ്ചേകാലോടെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ മജിസ്ട്രേട്ടിനു സമർപ്പിച്ചു. റിമാൻഡ് ചെയ്ത അഭിഭാഷകനെ ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് അയച്ചു. റൂറൽ പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര, അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി എസ്. ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

‘ഉറങ്ങിയിട്ടില്ല, നല്ല ക്ഷീണമുണ്ട്’; ഡോക്ടറോട് ഉദയഭാനു

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയപ്പോൾ ഡോക്ടറോട് ഉദയഭാനു പറഞ്ഞു, ‘‘ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല, നല്ല ക്ഷീണമുണ്ട്.’’ രാത്രി വൈക‍ിയും നീണ്ടുപോയ ചോദ്യം ചെയ്യലിന്റെ ബുദ്ധിമുട്ടു ഡോക്ടറോട് ഉദയഭാനു പങ്കുവച്ചു. രക്തസമ്മർദം പരിശോധിച്ചപ്പോൾ പതിവിലും കൂടുതലാണെന്നു കണ്ടെത്തി. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയപ്പോൾ എന്നാൽ അസ്വസ്ഥതകളൊന്നും പ്രകടിപ്പിച്ചില്ല.