Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടമുള്ള ഇൻഷുറൻസ് പോളിസി എടുക്കാം; ഷോറൂമിൽ ബോർഡ് സ്ഥാപിക്കണം

insurance_policy

തിരുവനന്തപുരം∙ ഉപഭോക്താവിന് ഇഷ്ടമുള്ള ഇൻഷുറൻസ് പോളിസി എടുക്കാമെന്നു വ്യക്തമാക്കുന്ന ബോർഡുകൾ ഷോറൂമുകളിൽ സ്ഥാപിക്കണമെന്നു വാഹന ഡീലർമാർക്കു ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. ഡീലർ‌മാർ അവരുടെ താൽപര്യപ്രകാരമുള്ള ഇൻഷുറൻസ് പോളിസി എടുപ്പിക്കുന്നതായും സാമ്പത്തിക തട്ടിപ്പു നടക്കുന്നതായും ആരോപണം ഉയർന്നതിനെത്തുടർന്നാണു പുതിയ നിർദേശം. താലൂക്ക് പരിധിയിലുള്ള ഇൻഷുറൻസ് കമ്പനികളുടെ ഫോൺ നമ്പരുകളാണു ഷോറൂമുകളിൽ പ്രദർശിപ്പിക്കേണ്ടത്.

ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ചില ഡീലർമാർ 8,000 രൂപ മുതൽ 12,000 രൂപവരെ അധികമായി ഈടാക്കുന്നതായി ഗതാഗത വകുപ്പ് അധികൃതർക്കു പരാതി ലഭിച്ചിരുന്നു. നേരിട്ട് ഇൻഷുറൻസ് എടുക്കുന്നതിൽനിന്ന് ഉപയോക്താക്കളെ വിലക്കുന്ന കേസുകളും റിപ്പോർട്ടു ചെയ്യപ്പെട്ടു.

ചില ഉപയോക്താക്കൾക്കു ഡീലർമാരിൽനിന്നുള്ള നിസ്സഹകരണത്തെത്തുടർന്ന് ഇൻഷുറൻസ് എടുക്കാൻ കഴിയാതെവരികയും ഉപഭോക്തൃ കോടതി നടപടികളിലേക്കു കാര്യങ്ങൾ നീങ്ങുകയും ചെയ്തു. തുടർന്നു, കുന്നത്തൂർ എഎംവിഐ മുഹമ്മദ് സുജീർ ഇക്കാര്യങ്ങൾ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിനെ അറിയിച്ചു. പരിശോധനയിൽ ഇക്കാര്യം ശരിയാണെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നാണു സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ (ടാക്സേഷൻ) നിർദേശം പുറത്തിറക്കിയത്.