Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികാരോപണത്തിൽ വിറച്ച് ബ്രിട്ടൻ; പ്രതിരോധ സെക്രട്ടറി രാജിവച്ചു

Michael Fallon

ലണ്ടൻ∙ രണ്ടാഴ്ചയായി ബ്രിട്ടിഷ് രാഷ്ട്രീയത്തിന് ആകെ മാനക്കേടുണ്ടാക്കി കത്തിപ്പടരുന്ന ലൈംഗികാപവാദ കഥളും വെളിപ്പെടുത്തലുകളും മന്ത്രിമാരുടെ കസേര തെറിപ്പിച്ചു തുടങ്ങി. പത്തുവർഷം മുൻപ്  വനിതാ പത്രപ്രവർത്തകയോട് അപമര്യദയായി പെരുമാറിയെന്ന ആരോപണത്തിനിരയായ പ്രതിരോധ സെക്രട്ടറി സർ മൈക്കിൾ ഫാലൻ രാജിവച്ചു. തെരേസ മേ മന്ത്രിസഭയിലെ കരുത്തനെതന്നെ വീഴ്ത്തിയ ലൈഗികാപവാദങ്ങൾ വരുദിവസങ്ങളിൽ കൂടുതൽ മന്ത്രിമാരുടെ രാജിക്കു വഴിവച്ചേക്കും. രാജ്യാന്തര വ്യാപാരങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രി മാർക്ക് ഗാർണിയർ അടക്കം നിരവധി ഭരണകക്ഷി നേതാക്കൾ ആരോപണത്തിന്റെ നിഴലിലാണ്. 

സെക്രട്ടറിമാരും സഹപ്രവർത്തകരുമായ വെസ്റ്റ്മിനിസ്റ്ററിലെ സ്ത്രീകൾക്കുനേരെ ചില എംപിമാർ ലൈംഗികാതിക്രമങ്ങൾക്കു മുതിർന്നതിന്റെ കഥകളാണ് ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പ്രമുഖരായ പല നേതാക്കളും ആരോപിതരുടെ പട്ടികയിലുണ്ട്. ലൈംഗിക അതിക്രമങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി വേണമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകളെടുക്കണമെന്നും പ്രധാനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടതോടെയാണ് ആരോപണവിധേയരായവർ പ്രതിരോധത്തിലായത്. 

2002ൽ ഒരു ഡിന്നർ പാർട്ടിക്കിടെ വനിതാ പത്രപ്രവർത്തകയുടെ കാൽമുട്ടിൽ ദുരുദ്ദേശത്തോടെ കൈവച്ചെന്നാണ് പ്രതിരോധസെക്രട്ടറി സർ മൈക്കിൾ ഫാലന് എതിരായി ഉയർന്ന ആരോപണം. ഇതിന്റെ പേരിൽ പത്രപ്രവർത്തകയിൽനിന്നും അദ്ദേഹത്തിന് താക്കീത് നേരിടേണ്ടിവന്നതായി ഫാലന്റെ വക്താവു തന്നെയാണ് കഴിഞ്ഞദിവസം സ്ഥിരീകരണം നൽകിയത്. സംഭവത്തിൽ ഫാലൻ ക്ഷമാപണം നടത്തിയതായും വക്താവ് വെളിപ്പെടുത്തി.

സൈന്യത്തിന്റെ അന്തസിനും നിലവാരത്തിനും യോജിച്ച പ്രവർത്തിയല്ല തന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നു സമ്മതിച്ചാണ് ഫാലന്റെ രാജി. പത്തോ പതിനഞ്ചോ വർഷങ്ങൾക്കു മുൻപു സ്വീകാര്യമായ കാര്യങ്ങൾ പുതിയ കാലഘട്ടത്തിൽ അങ്ങനെ ആകണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എംപിമാർക്കെതിരായ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇതിൽ എന്റെ ചില മുൻകാല പ്രവർത്തികളും ഉൾക്കൊള്ളുന്നു. ആരോപണങ്ങളിൽ പലതും ശരിയല്ല. എങ്കിലും തന്റെ ചില മുൻകാല ചെയ്തികൾ താൻ പ്രതിനിധാനം ചെയ്യുന്ന സൈന്യത്തിന്റെ അന്തസിനു യോജിച്ചതായില്ല’ – ഇതായിരുന്നു രാജിക്കുള്ള അദ്ദേഹത്തിന്റെ വിശദീകരണം. 

അതേസമയം, ഫാലന്റെ രാജി സ്വീകരിച്ച പ്രധാനമന്ത്രി തെരേസ മേ, പ്രതിരോധ മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീർത്തിച്ചു. 

നാല് പ്രധാനമന്ത്രിമാർക്കൊപ്പം മന്ത്രിയായ നേതാവ് 

കൺസർവേറ്റീവ് പാർട്ടിയിലെ തലമുതിർന്ന നേതാവായ സർ മൈക്കിൾ ഫാലൻ നാലു പ്രധാമന്ത്രിമാരോടൊപ്പം വ്യത്യസ്ത വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. ഒരുവേള പ്രധാനമന്ത്രി സ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ട പേരാണ് ഫാലന്റേത്. മാർഗരറ്റ് താച്ചർ, ജോൺ മേജർ, ഡേവിഡ് കാമറൺ, തെരേസ മേയ് എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്ന ഫാലൻ ഇപ്പോൾ സെവനോക്സിൽനിന്നുള്ള പാർലമെന്റംഗമാണ്. തെരേസ മേയ് മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ കഴിഞ്ഞാൽ മൂന്നാമനായാണ് ഫാലൻ പരിഗണിക്കപ്പെട്ടിരുന്നത്. 

അസംബന്ധമായ രാജി നാടകമെന്ന് പത്രപവർത്തക

ഇതിനിടെ തന്റെ കാലിൽ കൈവച്ചതിന്റെ പേരിലുള്ള മൈക്കിൾ ഫാലന്റെ രാജി ശുദ്ധ അസംബന്ധവും പരിഹാസ്യവുമായ നാടകമായിപ്പോയെന്ന് സംഭവത്തിനിരയായ പത്രപ്രവർത്തക ജൂലിയ ഹാർട്ട്ലി  ബ്രൂവർ പ്രതികരിച്ചു. തികച്ചും അവിശ്വസനീയവും ഞെട്ടലുളവാക്കുന്നതുമായി ഇക്കാര്യത്തിലുള്ള ഫാലന്റെ രാജി. പതിനഞ്ച് വർഷം നടന്ന ആ സംഭവത്തിന്റെ പേരിൽ തനിക്കിപ്പോൾ ഒരു പരാതിയും ഇല്ലെന്നും രാജിയുടെ യഥാർഥ കാരണം ഇതാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും രാജിനാടകത്തെ ‘നീ ഗേറ്റ്’ എന്ന് പരിഹസിച്ചുകൊണ്ട്  അവർ പറഞ്ഞു. 

ഫാലന്റെ രാജി മാർക് ഗാർണിയറെയും വീഴ്ത്തും

ഫാലന്റെ രാജി ആരോപണവിധേയനായ രാജ്യാന്തര വ്യാപാര മന്ത്രി മാർക് ഗാർണിയറുടെ രാജിക്ക് സമ്മർദമാകും. വനിതാ സെക്രട്ടറിയോടു ലൈംഗിക വിനോദത്തിനുള്ള കളിപ്പാട്ടം വാങ്ങിനൽകാൻ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ ഗാർണിയർ അന്വേഷണം നേരിടുകയാണ്. 2010ൽ നടന്ന ഈ സംഭവം ഇപ്പോൾ പുറത്തുവന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നു പറഞ്ഞ് അധികാരത്തിൽ തുടരുന്ന അദ്ദേഹത്തിനു ഫാലന്റെ രാജി സ്ഥാനമൊഴിയാൻ സമ്മർദമാകും.

മാർക് ഗാർണിയറുടെ സെക്രട്ടറി കാരളിൽ എഡ്മണ്ട്സാണ് മന്ത്രി തന്നോട് സെക്സ് ടോയി വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും ആരോപിച്ചു കഴിഞ്ഞദിവസം രംഗത്തുവന്നത്. ഈ വെളിപ്പെടുത്തലിനു പിന്നാലെയാണ് പാർലമെന്റുകളുടെ മാതാവായി അറിയപ്പെടുന്ന വെസ്റ്റ്മിനിസ്റ്റർ പാലസിൽ രാഷ്ട്രീയ നേതാക്കൾ നടത്തുന്ന കാമലീലകളുടെ ഞെട്ടിപ്പിക്കുന്ന കഥകൾ ഒന്നൊന്നായി പുറത്തുവന്നുതുടങ്ങിയത്.  

തുടർച്ചയായി ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഒരു തരത്തിലുള്ള ലൈംഗികാതിക്രമങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരം പരാതികളിൽ പരാതിക്കാരുടെ സ്വകാര്യത നിലനിർത്തി ശക്തമായ നടപടികളെടുക്കാൻ സ്പീക്കർക്ക് പ്രധാനമന്ത്രി നിർദേശം നൽകുകയും ചെയ്തു.